പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ സര്‍വീസില്‍ വേണ്ട; വീണാ ജോര്‍ജ്
കോഴിക്കോട് | കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകര്‍ പീഡിപ്പിച്ച പരാതിയില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്ന ഒരാളും സര്‍വീസില്‍ വേണ്ട. ഫിസിയോതെറാപ്പിസ്റ്റിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
വിഷയം ഏറെ ഗൗരവമേറിയതാണെന്നും ഇത്തരക്കാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബീച്ച് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചിരുന്നു.ഫിസിയോതെറാപ്പിസ്റ്റായ ഒരാള്‍ പെണ്‍കുട്ടിയെ ദുരുദ്ദേശപരമായി തൊട്ടുവെന്നും അതിക്രമത്തിനു ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ ഉള്ളത്. ആശുപത്രിയിലെ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി പരാതി പരിശോധിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നെന്നും വീണ ജോര്‍ജ് പറഞ്ഞു.
ആശുപത്രിയില്‍ ഒരുമാസമായി ഫിസിയോ തെറാപ്പിക്കെത്തുന്ന കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയെ ചികിത്സക്കിടെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്നാണ് പരാതി. ബിഎന്‍എസ് 75(1),76,79 വകുപ്പുകള്‍ പ്രകാരമാണ് വെള്ളയില്‍ പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി മറ്റൊരു ജില്ലയില്‍ നിന്നും സ്ഥലം മാറി എത്തിയ ആളാണെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.