'മനുഷ്യ ജീവൻ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി ഡിഎഫ്‌ഒ'; മരം വീണ് അപകടങ്ങള്‍, നിലപാട് കടുപ്പിച്ച്‌ ഇടുക്കി ജില്ലാ കളക്ടര്‍

'മനുഷ്യ ജീവൻ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി ഡിഎഫ്‌ഒ'; മരം വീണ് അപകടങ്ങള്‍, നിലപാട് കടുപ്പിച്ച്‌ ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി: മരം വീണ് അപകടങ്ങള്‍ ആവർത്തിക്കുന്ന സംഭവത്തില്‍ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച്‌ ഇടുക്കി ജില്ലാ കളക്ടർ.


മനുഷ്യ ജീവൻ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി മൂന്നാർ ഡി എഫ് ഒ ആണെന്ന് കളക്ടർ ഉത്തരവില്‍ പറയുന്നു. ദേശീയ പാതയോരത്തെ മരങ്ങള്‍ മുറിച്ച്‌ നീക്കാനുള്ള നിർദ്ദേശം നടപ്പിലായില്ലെന്നാണ് ഇടുക്കി കളക്ടർ ഷീബ ജോർജ് വ്യക്തമാക്കിയത്.

ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലെ നേര്യമംഗലം പാലം മുതല്‍ ഇരുമ്ബുപാലം വരെയുള്ള പാതയോരത്തെ മരങ്ങളാണ് മുറിച്ച്‌ നീക്കേണ്ടത്. പ്രദേശത്തെ മരങ്ങള്‍ നീക്കം ചെയ്യുന്നതിന് നിരവധി തവണ നിർദേശം നല്‍കിയിട്ടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ മൂന്നാർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് കലക്ടർ ഉത്തരവില്‍ പറയുന്നത്. അപകടരമായ മരങ്ങളും ശാഖകളും മൂലം ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും വിലയേറിയ മനുഷ്യ ജീവൻ ഉള്‍പ്പെടെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും മൂന്നാർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ ഉത്തരവാദിയായിരിക്കുന്നതും ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള നടപടികള്‍ക്ക് വിധേയമായിരിക്കുന്നതുമാണെന്ന് ഉത്തരവിലുണ്ട്.

ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജ് നേര്യമംഗലം പാലം മുതല്‍ ഇരുമ്ബുപാലം വരെയുള്ള വന മേഖലയിലെ അപകടസാധ്യത അടിയന്തരമായി പരിഹരിക്കാനാണ് കളക്ടർ ഉത്തവിട്ടത്. അപകടകരമായി നില്‍ക്കുന്ന എല്ലാ മരങ്ങളും ശാഖകളും അടിയന്തരമായി നീക്കം ചെയ്ത് 15 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തുകയും ചെയ്തു. അപകട ഭീഷണിയെ തുടർന്ന് നേര്യമംഗലം മുതല്‍ വാളറ വരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് നിരോധനം ഉണ്ടായിരുന്നു. നിലവില്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പിൻവലിച്ചു.
Previous Post Next Post