അര്‍ജുന്‍ മണ്ണിനടയില്‍; അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം | കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറും ലോറിയും കാണാതായ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നത്. ഏകോപനത്തിന് കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവര്‍മാര്‍ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍വാര്‍ നാവികസേന ബേസ് കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി.അതേസമയം മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയാണ്. എന്‍ ഡി ആര്‍എഫും പോലീസും തെരച്ചില്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.
അശാസ്ത്രീയമായി കുന്നിടിച്ച് അശാസ്ത്രീയമായി റോഡ് വീതി കൂട്ടിയതാണ് കുന്നിടിയാന്‍ കാരണം. ഇനിയും കുന്നിടിയുമോ എന്ന ഭീതിയുള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണ്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ര
ക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നിര്‍ദേശം നല്‍കി. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എ ഡി ജി പി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. ഏറ്റവും ഒടുവില്‍ റിംഗ് ചെയ്ത അര്‍ജുന്റെ നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.