അമിത ദുര്‍ഗന്ധം, ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യം; കുട്ടികള്‍ക്ക് രോഗങ്ങള്‍, പൗള്‍ട്രി ഫാം പൂട്ടാൻ ഉത്തരവ്
തിരുവനന്തപുരം: അതിയന്നൂർ മുള്ളുവിള പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മാതാ പൗള്‍ട്രി ഫാം അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്.
ഫാമിന്റെ പ്രവർത്തനം കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പ് നല്കുന്ന ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മിഷൻ വിലയിരുത്തി.
ഫാം പ്രവർത്തിക്കുന്നില്ലെന്ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ്. കമ്മിഷൻ ചെയർപേഴ്സണ്‍ കെ വി മനോജ് കുമാർ, അംഗം ഡോ. എഫ് വില്‍സണ്‍ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇത് നടപ്പിലാക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യമെങ്കില്‍ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ സേവനം തേടാനും കമ്മിഷൻ നിർദ്ദേശിച്ചു.
ഫാമില്‍ നിന്നുള്ള അമിതമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യവും കാരണം കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും പഠിക്കാനും കഴിയുന്നില്ല. കുട്ടികള്‍ക്ക് തുടർച്ചയായി വിവിധ രോഗങ്ങള്‍ക്ക് ചികിത്സ വേണ്ടിവരുന്നു. അവരുടെ ആരോഗ്യനില മോശമാകുന്നു മുതലായ വിഷയങ്ങള്‍ ഉന്നയിച്ച് ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന പരാതിയിൻമേലാണ് കമ്മിഷൻ നടപടിക്ക് നിർദ്ദേശം നല്‍കിയത്. ശുപാർശകളിൻമേല് ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കാനും ഉത്തരവില്‍ നിർദ്ദേശം നല്കി.