ആര്യ രാജേന്ദ്രന് തെറ്റുതിരുത്താന്‍ ഒരു അവസരം കൂടി നല്‍കാന്‍ സിപിഎമ്മില്‍ ധാരണ
തിരുവനന്തപുരം | അതിരൂക്ഷ വിമര്‍ശത്തിന് വിധേയമായ മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാന്‍ സിപിഎം തീരുമാനം. ഇക്കാര്യത്തില്‍ മേയര്‍ക്ക് അന്ത്യ ശാസനം നല്‍കാന്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ തീരുമാനമായി. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍
മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ സിപിഎം തിരുവവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ അതിരൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശമുണ്ടായി. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പെരുമാറ്റം പൊതുജനം കാണുമായിരുന്നെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും ജില്ലാ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു. ഇരുവരും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമര്‍ശം ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ല. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതിനും സാധിക്കില്ല. മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് – കടകംപള്ളി സുരേന്ദ്രന്‍ തര്‍ക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിമര്‍ശന ഉന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാര്‍ട്ടി നേതാവിനെയും ജനപ്രതിനിയും കരിനിഴലില്‍ നിര്‍ത്തിയെന്നും റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു.