നിരക്ക് ഇരട്ടിയിലേറെ, കണ്ണ് ലാഭത്തില്‍; സ്പെഷലുകളായും വന്ദേഭാരതുകള്‍
തിരുവനന്തപുരം: ഉത്സവ സീസണുകളില്‍ യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് പതിവ് സ്പെഷലുകള്‍ക്ക് പകരം ഉയർന്ന നിരക്കിലെ 'വന്ദേ ഭാരത് സ്പെഷലു'കളിലേക്ക് റെയില്‍വേ ചുവടുമാറുന്നു.
എ.സി കോച്ചുകള്‍ മാത്രമുള്ള ഈ സർവിസുകള്‍ സാധാരണക്കാർക്ക് ആശ്രയിക്കാനാവില്ലെന്നതാണ് പ്രധാന വെല്ലുവിളി. മുമ്ബ് സാധാരണ നിരക്കിലുള്ള സ്പെഷലുകളായിരുന്നു യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിന് റെയില്‍വേ അനുവദിച്ചിരുന്നത്. എന്നാല്‍, പിന്നീട് ലാഭത്തില്‍ കണ്ണുവെച്ചതോടെ സുവിധ സ്പെഷലുകളിലായി ശ്രദ്ധ. പിന്നാലെ സ്പെഷല്‍ നിരക്കിലുള്ള പ്രത്യേക സർവിസുകളിലേക്കും. എന്നാല്‍, 2023 ഡിസംബർ മുതല്‍ പ്രീമിയം നിരക്കുള്ള വന്ദേഭാരതുകള്‍ ഏർപ്പെടുത്തിയാണ് ടിക്കറ്റ് കൊള്ള.
ഒടുവില്‍ ജൂലൈ 31 നും ആഗസ്റ്റ് 26 നും ഇടയില്‍ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും അനുവദിച്ചത് 24 വന്ദേഭാരത് സ്പെഷലുകളാണ്. ഡിസംബറിലെ ശബരിമല തീർഥാടന കാലത്ത് കോട്ടയം-ചെന്നൈ-കോട്ടയം റൂട്ടില്‍ ഓടിച്ചത് എട്ട് വന്ദേഭാരത് സ്പെഷലുകള്‍. ദക്ഷിണ റെയില്‍വേയില്‍ ചെന്നൈയില്‍നിന്ന് നാഗർകോവിലിലേക്കും തിരിച്ചും 24 സ്പെഷല്‍ വന്ദേഭാരതുകളാണ് ഓടിച്ചത് ഇക്കഴിഞ്ഞ ഏപ്രിലിലും. ഇതിനിടയില്‍ ജൂലൈ ആദ്യത്തില്‍ കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് ഒറ്റ സർവിസായി വന്ദേഭാരത് സ്പെഷലുമുണ്ടായി.