കല്‍ക്കരിയില്‍നിന്ന് വൈദ്യുതി എൻജിനിലേക്ക് വഴിമാറി മലയോര റെയില്‍പാത
പുനലൂർ: തിരുവിതാംകൂറിലെ ആദ്യറെയില്‍പാത 120 വർഷം പിന്നിട്ട് പൂർണമായും വൈദ്യുതി എൻജിനിലേക്ക് വഴിമാറി. പുനലൂർ-ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ ലൈനില്‍ വൈദ്യുതികരണം പൂർത്തിയാക്കി ശനിയാഴ്ച രാത്രി മുതല്‍ ട്രൈയിൻ ഓടിത്തുടങ്ങിയതോടെ ഓർമയാകുന്നത് മീറ്റർ ഗേജും കല്‍ക്കരി എൻജിനും അവസാനമായി ഡീസല്‍ എൻജിനും.
ഇതുവഴി ട്രെയിൻ സർവിസ് ആരംഭിച്ച് 120 വർഷത്തിലാണ് വൈദ്യുതികരണവും പൂർത്തിയാകുന്നതെന്നത് യാദൃശ്ചികമാണ്.
തിരുവിതാംകൂർ രാജാവും മദ്രാസ് സർക്കാരും തമ്മിലുള്ള ഉടമ്ബടിയുടെ അടിസ്ഥാനത്തിലാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ഇതുവഴി റെയില്‍വേ ലൈൻ നിർമാണം ആരംഭിച്ചത്. ഇതിന് തിരുവതാംകൂറിലെ ആദ്യത്തെ റെയില്‍വേ ലൈൻ എന്ന പ്രത്യേകതയുമുണ്ട്. വർഷങ്ങള്‍ നീണ്ട നിർമാണത്തിനൊടുവില്‍ 1904 ആണ് ഇതുവഴി സർവിസ് പൂർണമായി ആരംഭിച്ചത്.
ആദ്യം കൊല്ലം മുതല്‍ പുനലൂർ വരെയും രണ്ടാംഘട്ടം പുനലൂരില്‍ നിന്ന് ചെങ്കോട്ട വരെയും കല്‍ക്കരി എൻജിൻ ഓടി തുടങ്ങി. പുനലൂർ- ചെങ്കോട്ട 49 കിലോമീറ്ററോളം ദൂരം ഭൂരിഭാഗവും കൊടും വനമായിരുന്നു. ഇതുകാരണം ഈ ഭാഗത്ത് റെയില്‍വേ ലൈൻ സ്ഥാപിക്കുന്നതിന് സാഹസംവേണ്ടി വന്നു. വന്യമൃഗ ആക്രമണത്തിലും പ്രകൃതി ദുരന്തങ്ങളിലും നിരവധി തൊഴിലാളികള്‍ക്ക് ജീവൻ പൊലിഞ്ഞു. പശ്ചിമഘട്ട മലനിരകളെ കീറിമുറിച്ചുള്ള റെയില്‍വേ ലൈനും ഇതുവഴിയുള്ള യാത്രയും എന്നും ജനങ്ങള്‍ക്ക് ഹരമാണ്.
മലകളെ ബന്ധിപ്പിക്കുന്ന കണ്ണറ പാലങ്ങളും കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഒരു കിലോമീറ്ററോളം ദൂരമുള്ള കോട്ടവാസലിലെ അടക്കം തുരങ്കങ്ങളും ഈ പാതയുടെ പ്രത്യേകതയാണ്. ഒരുകാലത്ത് തമിഴ്നാട് യാത്രക്ക് ഏറ്റവും ഉപകാരപ്പെട്ടിരുന്നത് ഈ പാതയാണ്. മീറ്റർ ഗേജ് രണ്ടുഘട്ടങ്ങളിലായി ബ്രോഡ് ഗേജിലേക്ക് വർഷങ്ങള്‍ മുമ്ബ് മാറിയെങ്കിലും വൈദ്യുതി ലൈൻ ഇല്ലാത്തതിനാല്‍ ട്രെയിനുകളുടെ എണ്ണവും കുറഞ്ഞു.
ആദ്യഘട്ടത്തില്‍ കൊല്ലം-പുനലൂർ 44 കിലോമീറ്റർ പാത വൈദ്യുതീകരിച്ച് രണ്ടു വർഷം മുമ്ബ് ഭാഗമായി വൈദ്യുതി എൻജിൻ ഓടി തുടങ്ങി. ഇപ്പോള്‍ കൊല്ലം-ചെങ്കോട്ട പൂർണമായി വൈദ്യുതീകരണം പൂർത്തിയായതോടെ ചെന്നൈയിലേക്ക് അടക്കം എളുപ്പത്തില്‍ എത്താനാകും. ഇത് കണക്കിലെടുത്ത് കൂടുതല്‍ സർവിസ് ഇതുവഴി ഉണ്ടാകുന്നതിനൊപ്പം പല സർവിസുകളും നീട്ടാനും ഇടയുണ്ട്. ഈ ലൈൻ കടന്നുപോകുന്നത് വിനോദ സഞ്ചാര മേഖലയില്‍ കൂടിയായതിനാല്‍ ഈ രംഗത്തും വലിയ നേട്ടമാകും.