ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുത്, സ്കൂളുകള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി കോടതി

ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുത്, സ്കൂളുകള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി കോടതി
ചെന്നൈ: സ്കൂളില്‍ നിന്നുളള ട്രാൻസ്ഫർ സർട്ടിഫിക്കറ്റില്‍ (ടിസി) ഫീസ് സംബന്ധിയായ വിവരങ്ങള്‍ എഴുതുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കോടതി.


വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയാണ് ടിസിയില്‍ ഫീസ് വൈകി അടച്ചു എന്നതടക്കമുളള വിവരങ്ങള്‍ ടിസിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സ്കൂളുകളെ വിലക്കിയത്. ടിസിയില്‍ കുട്ടിയുടെ അഡ്മിഷൻ സംബന്ധിയായ വിവരങ്ങളാണ് ഉണ്ടാവേണ്ടത്. ഇതില്‍ അനാവശ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകള്‍ക്കും നിർദ്ദേശം നല്‍കാൻ സർക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഫീസ് നല്‍കാൻ വൈകിയതിനും ഫീസ് നല്‍കാത്തതിന്റെയും പേരില്‍ കുട്ടികളെ അപമാനിക്കുന്നത ബാലാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്നും ജസ്റ്റിസ് എസ് എം സുബ്രമണ്യം, സി കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സൌജന്യ വിഭ്യാഭ്യാസം കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് ലംഘനം വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വിശദമാക്കി. സംസ്ഥാന സർക്കാരിന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്. ഓള്‍ ഇന്ത്യ പ്രൈവററ് സ്കൂള്‍ ലീഗല്‍ പ്രൊട്ടക്ഷൻ സൊസൈറ്റിക്ക് അനുകൂലമായി സിംഗിള്‍ ജഡ്ജി നല്‍കിയ വിധി ഹൈക്കോടതി തള്ളി.

ഫീസ് വാങ്ങാൻ സ്കൂളുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇതിനിടയില്‍ വിദ്യാർത്ഥികളെ അപമാനിതരാവുന്നത് അംഗീകരിക്കാനാവില്ല. ഫീസ് വാങ്ങുന്ന നടപടിക്കിടയില്‍ കുട്ടികള്‍ ഉള്‍പ്പെടരുതെന്നും കോടതി വ്യക്തമാക്കി. ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുതെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. അനാവശ്യ വിവരങ്ങള്‍ സ്കൂളുകള്‍ ടിസിയില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.
Previous Post Next Post