വാറന്റി സമയത്ത് സ്കൂട്ടര്‍ തുടര്‍ച്ചയായി തകരാറില്‍; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം
കൊച്ചി: വാറന്റി കാലയളവില്‍ സ്കൂട്ടർ തുടർച്ചയായി തകരാറിലാകുകയും അത് പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്തതിന് സ്കൂട്ടർ നിർമാതാക്കളും സർവിസ് സെന്‍ററും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി.
എറണാകുളം സ്വദേശി നിധി ജയിൻ, ഹോണ്ട മോട്ടോർ സൈക്കിള്‍ ആൻഡ് സ്കൂട്ടേഴ്‌സ് ലിമിറ്റഡ്, സർവിസ് സെന്‍റർ ആയ മുത്തൂറ്റ് മോട്ടോഴ്സ് പാലാരിവട്ടം എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. 2018 മാർച്ചിലാണ് 67,000 രൂപ കൊടുത്ത് ഒരുവർഷത്തെ വാറന്റിയോടെ പരാതിക്കാരി സ്കൂട്ടർ വാങ്ങിയത്.
അധികം താമസിയാതെതന്നെ സ്കൂട്ടറില്‍നിന്ന് വലിയ ശബ്ദം കേള്‍ക്കാൻ തുടങ്ങി. പലപ്രാവശ്യം സർവിസ് സെന്‍ററില്‍ പോയി റിപ്പയർ ചെയ്തെങ്കിലും വീണ്ടും തകരാറിലായി. സ്കൂട്ടറിന്റെ പല സുപ്രധാന ഭാഗങ്ങളും മാറ്റി പുതിയത് വെക്കേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് സ്കൂട്ടറിന്‍റെ തുടർച്ചയായ തകരാർ നിർമാണപരമായ ന്യൂനതകൊണ്ടാണെന്ന് പരാതിപ്പെട്ട് സ്കൂട്ടറിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചത്.
എന്നാല്‍, വാറന്റി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാതിക്കാരി വീഴ്ചവരുത്തിയെന്നും അതിനാലാണ് സൗജന്യ സർവിസ് നല്‍കാതിരുന്നതെന്നും പണം നല്‍കിയാല്‍ സർവിസ് ചെയ്ത് നല്‍കാമെന്നുമുള്ള നിലപാടാണ് സർവിസ് സെന്‍റർ കോടതി മുമ്ബാകെ സ്വീകരിച്ചത്.
എന്നാല്‍, വാറന്റി കാലയളവില്‍തന്നെ റിപ്പയർ ചെയ്യാൻ വിസമ്മതിച്ചെന്നും മറ്റ് വർക്ക്ഷോപ്പുകളില്‍ കൊണ്ടുപോയി റിപ്പയർ ചെയ്യേണ്ടിവന്നു എന്നുമാണ് പരാതിക്കാരി പറയുന്നത്. നീതി തേടിയെത്തിയ ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തി എന്നതാണ് ഈ കേസിന്റെ പ്രാധാന്യമെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു.
സ്കൂട്ടറിന്റെ വിലയായ 67,740 രൂപയും 15,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം നല്‍കാൻ കോടതി നിർദേശിച്ചു. അഡ്വ. ടോം ജോസഫ് പരാതിക്കാരിക്കുവേണ്ടി ഹാജരായി.