ചെറുകിട സംരഭങ്ങള്‍ക്ക് സന്തോഷം, ഒണ്‍ലൈനില്‍ അപേക്ഷ, 7 ദിവസത്തില്‍ കണക്ഷൻ റെഡി; ഇലക്‌ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു

 ചെറുകിട സംരഭങ്ങള്‍ക്ക് സന്തോഷം, ഒണ്‍ലൈനില്‍ അപേക്ഷ, 7 ദിവസത്തില്‍ കണക്ഷൻ റെഡി; ഇലക്‌ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു



തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്‌ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്തു. കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് 2024 5-ാം ഭേദഗതി‍ പ്രസിദ്ധീകരിച്ചു.



കണ്‍സ്യൂമർ റൂള്‍സിന്റെയും സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെയും ഉപഭോക്താക്കളില്‍ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളില്‍ നിന്നുമുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി.


ഈസ് ഓഫ് ഡുയിങ് ബിസിനസ്സിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇലക്‌ട്രിസിറ്റി (റൈറ്റ്സ് ഓഫ് കണ്‍സ്യൂമേഴ്സ്) റൂള്‍സ്, 2020ല്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ കേരള സർക്കാർ, നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വ്യവസായങ്ങള്‍/ എച്ച്‌.ടി/ ഇ.എച്ച്‌.ടി ഉപഭേക്താക്കള്‍ക്ക് സർവ്വീസ് കണക്ഷൻ നല്‍കുന്നതിനുള്ള കരാർ വ്യവസ്ഥകള്‍ ലളിതമാക്കുവാനും, പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് കണക്റ്റഡ് ലോഡിനെ മാനദണ്ഡമാക്കി ഏകീകൃത നിരക്കുകള്‍ കൊണ്ടുവരുവാനും, സിംഗിള്‍ പോയിന്റെ സപ്ലൈക്ക് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കൊണ്ടുവരുവാനും നിർദ്ദേശിച്ചിരുന്നു.


സപ്ലൈ കോഡ് ഭേദഗതിയില്‍ നിർദ്ദേശിച്ചിട്ടുള്ള പ്രധാന മാറ്റങ്ങള്‍


1. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷൻ സംബന്ധമായ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘുകരിക്കുന്നതിനൊപ്പം ലൈസൻസി നല്‍കേണ്ട എല്ലാവിധ സേവനങ്ങളും ഓണ്‍ലൈൻ വഴി നിർബന്ധമാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഭേദഗതി കോഡില്‍ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതുമൂലം ലൈസൻസിയുടെ ഓഫീസില്‍ പോകാതെ തന്നെ ഉപഭോക്താവിന് പുതിയ സർവ്വീസ് കണക്ഷൻ, റീകണക്ഷൻ, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌ക്കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോണ്‍ട്രാക്റ്റ് ഡിമാന്റ് എന്നിവയിലുള്ള മാറ്റങ്ങള്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി തന്നെ ചെയ്യാവുന്നതാണ്. നടപടികള്‍ സുതാര്യമാകുകയും നടപടിക്രമങ്ങളുടെ വേഗത വർദ്ധിക്കുകയും ചെയ്യും. മാത്രമല്ല അപേക്ഷകളുടെ നടപടിക്രമങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ലൈസൻസിയുടെ ഉയർന്ന ഉദ്യോഗസ്ഥനെയും, കണ്‍സ്യൂമറെയും അറിയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതിയില്‍ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതുകൂടാതെ ഉപഭോക്താവ് അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകവും, ദുർഘട്രപ്രദേശങ്ങളില്‍ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷൻ നല്‍കണമെന്ന് കരടില്‍ നിഷ്‌കർഷിച്ചിട്ടുണ്ടെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.


2. അപേക്ഷ നല്‍കി ഒരാഴ്ച മുതല്‍ നാല്പത്തഞ്ച് ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി, വൈദ്യുതി തൂണിന്റെയും, ദൂരത്തിന്റെയും സർവീസ് ലൈനിന്റെയും മറ്റ് ഉപകരണങ്ങളുടെയും ആവശ്യകത അനുസരിച്ച്‌ ലൈസൻസിയുടെ ഉദ്യോഗസ്ഥൻ കണക്കാക്കി നിശ്ചയിക്കുന്ന തുക അപേക്ഷകരെ അറിയിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി കാലതാമസം ഉണ്ടാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്നതിനാല്‍ അപേക്ഷയിന്മേലുള്ള കണക്റ്റഡ് ലോഡ്/ ഡിമാന്റ് ലോഡ് (കിലോവാട്ട്/ കെ.വി.എ) അടിസ്ഥാനത്തില്‍ അപേക്ഷകൻ അടക്കുന്നതിനുള്ള തുക നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത രീതി, നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്ന സമയത്ത് തന്നെ ഉപഭോക്താവിന് അടയ്ക്കുവാനുള്ള തുക അറിയുവാനും അപ്പോള്‍ തന്നെ നിരക്കുകള്‍ അടയ്ക്കുവാനും സാധിക്കുന്നതുമാണ്. കണക്റ്റഡ് ലോഡ് അടിസ്ഥാനമാക്കിയുളള രീതിയില്‍ നിരക്ക് നിശ്ചയിക്കുന്നതിലൂടെ നടപടി ക്രമങ്ങളിലെ സുതാര്യത ഉറപ്പുവരുന്നതാണ്.


3. സംസ്ഥാനത്ത് ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി ഈ വ്യവസായങ്ങള്‍ക്ക് വീടിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുവാനുള്ള ചട്ടങ്ങള്‍ 2020-ല്‍ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി അഞ്ചു കുതിരശക്തി വരെയുള്ള മോട്ടോർ അല്ലെങ്കില്‍ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങള്‍ക്ക് പുതിയ കണക്ഷൻ എടുക്കേണ്ടതില്ല. പകരം വീട്ടിലെ വൈദ്യുതി കണക്ഷൻ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം. ഇതിനുള്ള ചട്ടങ്ങള്‍ ഭേദഗതി കോഡില്‍ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.


4. ഡിമാന്റ് അധിഷ്ഠിത ബില്ലിംഗ് താരിഫ് ഉള്ള ഉപഭോക്താക്കള്‍ കണക്റ്റഡ് ലോഡില്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ പിഴയിടാക്കുന്നത് സംബന്ധിച്ച വ്യക്തതയുള്ള നടപടിക്രമങ്ങള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക ലോഡിന്റെ ഉപയോഗം മീറ്ററില്‍ രേഖപ്പെടുത്തിയത് കണക്കിലെടുത്ത് മാത്രമേ അധിക കണക്റ്റഡ് ലോഡ് ലംഘനത്തിന് പിഴയീടാക്കുവാൻ പാടുള്ളൂ എന്നാണ് ഭേദഗതി കോഡില്‍ നിഷ്‌ക്കർഷിച്ചിട്ടുള്ളത്.



Previous Post Next Post