മേല്‍പ്പാലത്തിന് താഴെയുള്ള 70 സെന്‍റ് സ്ഥലം, അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു; ഇത് പുതുവര്‍ഷ സമ്മാനമെന്ന് മന്ത്രി

മേല്‍പ്പാലത്തിന് താഴെയുള്ള 70 സെന്‍റ് സ്ഥലം, അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു; ഇത് പുതുവര്‍ഷ സമ്മാനമെന്ന് മന്ത്രി
കൊല്ലം: ഡിസൈന്‍ പോളിസിയുടെ ഭാഗമായുള്ള പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കിയാല്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.


സംസ്ഥാന സര്‍ക്കാരിന്‍റെ രൂപകല്‍പ്പനാ നയ(ഡിസൈന്‍ പോളിസി)ത്തിന്‍റെ ഭാഗമായി കൊല്ലം എസ്‌എന്‍ കോളേജിനു സമീപമുള്ള റെയില്‍വേ മേല്‍പാലത്തിന്‍റെ അടിവശം സൗന്ദര്യവല്‍ക്കരിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലൂടെ ആളുകള്‍ക്ക് കൂടിയിരിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള ഇടങ്ങളായും ക്രമേണ ഇത് ടൂറിസം സ്പോട്ടുകളായും മാറും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുന്ന തരത്തിലേക്ക് ഇത്തരം ഇടങ്ങളെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മേല്‍പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകല്‍പ്പനാ നയ(ഡിസൈന്‍ പോളിസി)ത്തിന്‍റെ ഭാഗമായി ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആദ്യ പദ്ധതിക്കാണ് കൊല്ലത്ത് തുടക്കമായത്.

കൊല്ലത്തിന് 2025 ല്‍ പുതുവര്‍ഷ സമ്മാനമായി പദ്ധതി പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നത് നാട് നേരിടുന്ന മാലിന്യ, ലഹരി പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകും. പാലങ്ങളുടെ അടിവശം ഉള്‍പ്പെടെയുള്ള സഥലങ്ങള്‍ മാലിന്യം കൂട്ടിയിടുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇടമായി മാറുന്നുണ്ട്. ഈ സ്ഥലങ്ങള്‍ കളിക്കളങ്ങളും പാര്‍ക്കുകളുമെല്ലാമായി മാറ്റാന്‍ ഡിസൈന്‍ പോളിസി പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഇതിന്‍റെ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിരവധി നൂതന പദ്ധതികള്‍ നടപ്പാക്കിയതിലൂടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വ് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം. നൗഷാദ് എംഎല്‍എ പറഞ്ഞു. കൊല്ലം റെയില്‍വേ മേല്‍പാലത്തിന്‍റെ അടിവശം സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കാലതാമസമില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, കൗണ്‍സിലര്‍മാരായ എ കെ സവാദ്, സജീവ് സോമന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കൊല്ലം ജില്ലാ കളക്ടര്‍ ദേവീദാസ് എന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി, ഡിടിപിടിസി സെക്രട്ടറി ജ്യോതിഷ് കേശവ്, കെടിഐഎല്‍ ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കിണി തുടങ്ങിയവരും പങ്കെടുത്തു.

കൊല്ലം റെയില്‍വേ മേല്‍പാലത്തിനു കീഴില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഏകദേശം 70 സെന്‍റ് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഈ സ്ഥലം കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വാക്കിംഗ് ട്രാക്കുകള്‍, സ്ട്രീറ്റ് ഫര്‍ണിച്ചറുകള്‍, ലഘുഭക്ഷണ കിയോസ്കുകള്‍, ബാഡ്മിന്‍റണ്‍-ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, ചെസ് ബ്ലോക്ക്, സ്കേറ്റിംഗ് ഏരിയ, ഓപ്പണ്‍ ജിം, യോഗ-മെഡിറ്റേഷന്‍ സോണ്‍ മുതലായവ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് പൂര്‍ത്തിയായ ശേഷം നടത്തിപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനം ഭാവി പരിപാലനത്തിന് പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെടിഐഎല്‍) ആണ് പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിട്ടുള്ളത്. ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം കെടിഐഎല്ലിനാണ്. പദ്ധതി നടപ്പാക്കുന്നതിനായി 2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പ്രൊജക്‌ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ് ആയി ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ടൂറിസം വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പും പരിപാലനവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവ ചേര്‍ന്ന് നിര്‍വ്വഹിക്കും
Previous Post Next Post