ജില്ലയില്‍ അതിജാഗ്രത; രണ്ടാഴ്ചക്കിടെ 52 പേര്‍ക്ക് ഡെങ്കി

ജില്ലയില്‍ അതിജാഗ്രത; രണ്ടാഴ്ചക്കിടെ 52 പേര്‍ക്ക് ഡെങ്കി
തൊടുപുഴ: കനത്ത മഴ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കൊപ്പം ജില്ലയില്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കുന്നു. ശക്തമായ മഴ ശമനമില്ലാതെ തുടരുന്നതിനിടെയാണ് പല പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടരുന്നത്.


ഡെങ്കിപ്പനി കേസുകളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വർധനയുണ്ട്. കടുത്ത വേനലില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും മഴ ശക്തിപ്പെട്ടതോടെ നേരിയ തോതില്‍ കുറഞ്ഞു തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ട്.

എങ്കിലും ജില്ലയില്‍ അതിജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് പറഞ്ഞു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ മാസവും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ചില്‍ രോഗം സംശയിക്കുന്ന 76 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 40 കേസുകള്‍ സ്ഥിരീകരിച്ചു. ഏപ്രിലില്‍ രോഗം സംശയിക്കുന്നവരുടെ എണ്ണം 195 ആയി ഉയര്‍ന്നു. 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ ജില്ലയില്‍ 6007 പേർക്കാണ് വൈറല്‍പനി ബാധിച്ചത്. ഇക്കാലയളവില്‍ 52 പേർക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ 185 ഡെങ്കികേസുകള്‍ സംശയിക്കുന്നുണ്ട്. മഞ്ഞപ്പിത്തവും ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 പേർക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചു.

ഓപറേഷന്‍ ലൈഫ്: ജില്ലയില്‍ ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കുന്നു

തൊടുപുഴ: ഭക്ഷ്യ, ജലജന്യരോഗങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കുന്നു. ഓപറേഷന്‍ ലൈഫ് എന്നപേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് തൊടുപുഴ, പീരുമേട്, ഇടുക്കി, ദേവികുളം എന്നിവിടങ്ങളില്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ഗുരുതര വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 2006ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിച്ചു. ആകെ 74 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. 20 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങള്‍ക്ക് പിഴയടക്കാന്‍ നിർദേശം നല്‍കി.

ഇടുക്കി അസി. ഭക്ഷ്യസുരക്ഷ കമീഷണര്‍ ജോസ് ലോറന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ ഡോ. എം. രാഗേന്ദു, ഡോ. എം. മിഥുന്‍, ആന്‍മേരി ജോണ്‍സണ്‍, സ്‌നേഹ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post