5 മക്കള്‍ ഉണ്ടായിട്ടും ആരും നോക്കാനില്ലാതെ ഒറ്റയ്ക്കായ 85-കാരി' വയോജന പകല്‍വീടുകള്‍ ഒരുക്കണം: വനിതാ കമ്മിഷൻ

5 മക്കള്‍ ഉണ്ടായിട്ടും ആരും നോക്കാനില്ലാതെ ഒറ്റയ്ക്കായ 85-കാരി' വയോജന പകല്‍വീടുകള്‍ ഒരുക്കണം: വനിതാ കമ്മിഷൻ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ വാര്‍ഡ്തലത്തില്‍ വയോജനങ്ങള്‍ക്കായി പകല്‍ വീടുകള്‍ പോലുള്ള സംവിധാനം ഉറപ്പു വരുത്തുന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെയേറെ അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.


പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടത്തിയ രണ്ടു ദിവസത്തെ ജില്ലാതല അദാലത്ത് പൂര്‍ത്തീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

വീടിനുള്ളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അതില്‍ ഇടപെടാനും അവര്‍ക്ക് സന്തോഷപ്രദമായ ജീവിതം പ്രദാനം ചെയ്യാനുമുള്ള അന്തരീക്ഷം എങ്ങനെ സജ്ജമാക്കാമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചര്‍ച്ച ചെയ്യണം. മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമം പ്രാബല്യത്തിലുണ്ടെങ്കിലും അത് യഥാവിധി നടപ്പാക്കപ്പെടുന്നില്ല. വയോജനങ്ങളെ പരിപാലിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്. വയോജനങ്ങളുടെ പരിപാലനം, സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

ഗാര്‍ഹിക ചുറ്റുപാടുകളിലെ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അദാലത്തിലെത്തിയ പരാതികളില്‍ കൂടുതലും. ഇതില്‍ തന്നെ വയോജനങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു ഏറെയും. അഞ്ചു മക്കള്‍ ഉണ്ടായിട്ടും അവര്‍ ആരും സംരക്ഷിക്കാതെ ഒറ്റയ്ക്കു കഴിയേണ്ടി വരുന്ന 85 വയസുള്ള അമ്മയുടെ പരാതി അദാലത്തില്‍ പരിഗണിച്ചു.

വനിതാ കമ്മിഷന്റെ ഈ സാമ്ബത്തികവര്‍ഷത്തെ ബോധവല്‍ക്കരണ കാമ്ബയിനുകള്‍ക്ക് ഓഗസ്റ്റ് മാസം തുടക്കം കുറിക്കും. സംസ്ഥാന, ജില്ലാ, സബ്ജില്ലാതല സെമിനാറുകള്‍, മുഖാമുഖം പരിപാടി, ജാഗ്രതാ സമിതി പരിശീലനം, വിദ്യാലയങ്ങളിലെ ഉണര്‍വ് പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും. സൈബര്‍നിയമം, ലഹരിയുടെ വ്യാപനം, ആരോഗ്യകരമായ ബന്ധങ്ങള്‍ എന്നീ മൂന്നു വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് കൗമാര പ്രായക്കാര്‍ക്കിടയില്‍ കാമ്ബയിന്‍ നടത്തുക. ഇതിന് ഉപരിയായി സ്ത്രീധന വിപത്തിനെ സംബന്ധിച്ച്‌ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും.

സ്ത്രീധനത്തിന്റെ വ്യാപനവും ദുരനുഭവങ്ങളും സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ തെക്കന്‍ കേരളത്തിലാണ് സ്ത്രീധനം വ്യാപകം. സ്ത്രീധനം വ്യാപകമായി അംഗീകരിക്കുന്ന ഒരു സമൂഹമായി കേരളം മാറ്റപ്പെടുന്നുണ്ട്. ഇതില്‍നിന്നു സമൂഹത്തെ രക്ഷിച്ചെടുക്കുന്നതിന് ആവശ്യമായിട്ടുള്ള കാമ്ബയിന്‍ നടത്തും. സ്ത്രീധനനിരോധന ഓഫീസര്‍മാര്‍, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്ത്രീധനത്തിന്റെ വിപത്തിന് ഇരയാകേണ്ടി വന്നിട്ടുള്ളവര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാകും കാമ്ബയിന്‍ സംഘടിപ്പിക്കുക. ഈ കാമ്ബയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് മാസം തിരുവനന്തപുരത്തുവച്ച്‌ സംഘടിപ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, അഭിഭാഷകരായ കാവ്യ പ്രകാശ്, സുമയ്യ, സരിത, അശ്വതി, രജിത റാണി, സിന്ധു, സൂര്യ, അധീന, കൗണ്‍സലര്‍ സോണിയ, കവിത തുടങ്ങിയവര്‍ പങ്കെടുത്തു. ആകെ 107 പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി. 15 പരാതികള്‍ റിപ്പോര്‍ട്ടിനായും നാലു പരാതികള്‍ കൗണ്‍സലിംഗിനായും അയച്ചു. 274 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. ആകെ 400 പരാതികളാണ് രണ്ടു ദിവസത്തെ അദാലത്തില്‍ പരിഗണിച്ചത്.
Previous Post Next Post