‘ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി.
പുതുതായി ജോലിയ്‌ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള സാവകാശമാണ് നല്‍കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ നിരക്കില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ശക്തമായി നടന്നു വരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലും ഈ മാസം ഇതുവരെയുമായി ആകെ 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 28,42,250 രൂപ പിഴയായി ഈടാക്കി. 1065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3798 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 720 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 54 സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും 90 സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷന്‍ നടപടികളും സ്വീകരിച്ചു.