അന്തിമ വോട്ടുകണക്കില്‍ കൂടിയത് 4.65 കോടി വോട്ട്; 79 സീറ്റില്‍ എൻ.ഡി.എയുടെ ഭൂരിപക്ഷത്തേക്കാള്‍ അധികം

അന്തിമ വോട്ടുകണക്കില്‍ കൂടിയത് 4.65 കോടി വോട്ട്; 79 സീറ്റില്‍ എൻ.ഡി.എയുടെ ഭൂരിപക്ഷത്തേക്കാള്‍ അധികം


ന്യൂഡല്‍ഹി: 18ാം ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിനെ കുറിച്ച്‌ വിവാദം തുടരുന്നു. വോട്ടിങ് ദിവസം രാത്രി എട്ടുമണിക്ക് പുറത്തുവിട്ട കണക്കും അന്തിമ കണക്കും തമ്മില്‍ കോടികളുടെ വ്യത്യാസമുണ്ടെന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള വോട്ട് ഫോർ ഡെമോക്രസി (വി.എഫ്‌.ഡി) ചൂണ്ടിക്കാട്ടി.


4,65,46,885 വോട്ടുകളുടെ വ്യതയാസമാണ് രണ്ടും തമ്മിലുള്ളത്. മൊത്തം വോട്ടുകളുടെ എണ്ണത്തിലുണ്ടായ ഈ വൻ അന്തരം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നീതിപൂർവകമായ നടത്തിപ്പില്‍ തന്നെ സംശയം ജനിപ്പിക്കുന്നതായി വി.എഫ്‌.ഡി ചൂണ്ടിക്കാട്ടി. 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ വിജയിച്ച 79 സീറ്റുകളിലെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് അന്തിമ വോട്ടിംഗ് ശതമാനത്തിലെ വർധനവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഈ സീറ്റുകളില്‍ പലതിലും എൻ.ഡി.എ സ്ഥാനാർഥികള്‍ കഷ്ടിച്ചാണ് വിജയിച്ചത്. ഘട്ടം തിരിച്ചുള്ള വോട്ടുകണക്കുകള്‍ വിശകലനം ചെയ്ത ശേഷമാണ്റിപ്പോർട്ട് തയാറാക്കിയതെന്ന് വി.എഫ്.ഡി വ്യക്തമാക്കി.

മുൻ തെരഞ്ഞെടുപ്പുകളില്‍ പോളിങ് ദിവസം വൈകീട്ട് പുറത്തുവിടുന്ന ശതമാനവും അന്തിമ കണക്കും തമ്മിലുള്ള വർധനവ് ഏകദേശം ഒരുശതമാനം ആയിരുന്നെങ്കില്‍, ഇത്തവണ ശരാശരി 3.2 ശതമാനം മുതല്‍ 6.32% വരെയാണ് ഏഴുഘട്ടങ്ങളിലും വർധിച്ചത്. ഇതില്‍ ആന്ധ്രപ്രദേശില്‍ 12.54 ശതമാനവും ഒഡീഷയില്‍ 12.48 ശതമാനവും വ്യത്യാസം രേഖപ്പെടുത്തി. അന്തിമ വോട്ടിംഗ് ശതമാനത്തില്‍ 4.72ശതമാനമാണ് വർധന. ഇങ്ങനെ വോട്ട് വർധിക്കാനുള്ള വിശ്വസനീയമായ കാരണങ്ങളൊന്നും ഇതുവരെ തെരഞ്ഞെടുപ്പ് കമീഷൻ നല്‍കിയിട്ടില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ഒഡീഷയിലെ 18 സീറ്റുകള്‍, മഹാരാഷ്ട്രയില്‍ 11, പശ്ചിമ ബംഗാളില്‍ 10, ആന്ധ്രയില്‍ ഏഴ്, കർണാടകയില്‍ ആറ്, ഛത്തീസ്ഗഡിലും രാജസ്ഥാനിലും അഞ്ച് വീതം, ബിഹാർ, ഹരിയാന, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ മൂന്ന് വീതം, അസമില്‍ രണ്ട്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളില്‍ ഒന്നുവീതം സീറ്റുകളിലാണ് എൻ.ഡി.എയുടെ ഭൂരിപക്ഷത്തെ വോട്ടിങ് ശതമാനത്തിലെ വ്യത്യാസം മറികടന്നത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം നല്‍കണമെന്നും സംശയനിവാരണം നടത്തണമെന്നും വിഎഫ്ഡി അഭ്യർഥിച്ചു.

നേരിയ ഭൂരിപക്ഷത്തില്‍ എൻ.ഡി.എ സ്ഥാനാർഥികള്‍ വിജയിച്ച 10 സംസ്ഥാനങ്ങളിലെ 18 സീറ്റുകളില്‍, വോട്ടെടുപ്പിനിടെ ഇവിഎം തകരാറും വോട്ടെണ്ണല്‍ പ്രക്രിയയില്‍ ക്രമക്കേടുകളും അടക്കം ഗുരുതര ആശങ്കകള്‍ പ്രതിപക്ഷ സ്ഥാനാർത്ഥികള്‍ ഉന്നയിച്ചിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ബിഹാറിലെ സരണ്‍, മഹാരാഷ്ട്രയിലെ മുംബൈ നോർത്ത്-വെസ്റ്റ്, ഉത്തർപ്രദേശിലെ ഫറൂഖാബാദ്, ബൻസ്ഗാവ്, ഫുല്‍പൂർ എന്നിവിടങ്ങളില്‍ എൻഡിഎ സ്ഥാനാർഥികള്‍ ചെറിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മുൻ ബ്യൂറോക്രാറ്റ് എം.ജി. ദേവസഹായം, ആക്ടിവിസ്റ്റ് ഡോ. പ്യാരെ ലാല്‍ ഗാർഗ്. ടീസ്റ്റ സെതല്‍വാദ്, ഡോള്‍ഫി ഡിസൂസ, ഫാ. ഫ്രേസർ മസ്‌കരേനാസ്, ഖലീല്‍ ദേശ്മുഖ് എന്നിവരാണ് വി.എഫ്.ഡിയുടെ സ്ഥാപകർ.


Previous Post Next Post