ബഹിരാകാശ നിലയം തകര്‍ക്കാൻ 46 എഞ്ചിനുകളുള്ള പേടകം,7035 കോടിയുടെ പദ്ധതി; ഇന്ത്യൻ സമുദ്രത്തിലും വീഴും

ബഹിരാകാശ നിലയം തകര്‍ക്കാൻ 46 എഞ്ചിനുകളുള്ള പേടകം,7035 കോടിയുടെ പദ്ധതി; ഇന്ത്യൻ സമുദ്രത്തിലും വീഴും
അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കാനുള്ള പദ്ധതി തയ്യാറാക്കി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്. സ്വകാര്യ ബഹിരാകാശ സാങ്കേതിക വിദ്യാ സ്ഥാപനമായ സ്പേസ് എക്സിനാണ് ബഹിരാകാശ നിലയം തകർക്കുന്നതിനുള്ള കരാർ നല്‍കിയിരിക്കുന്നത്.



ബുധനാഴ്ചയാണ് ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കുന്നതിനുള്ള പദ്ധതി രൂപരേഖ സ്പേസ് എക്സും നാസയും തയ്യാറാക്കിയത്. 2031 ലാണ് പദ്ധതി നടപ്പിലാക്കുക. ബഹിരാകാശ നിലയം അന്തരീക്ഷത്തില്‍ തകർക്കാനും അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തില്‍ വീഴ്ത്താനുമാണ് പദ്ധതി. ഭൂമിയിലേക്ക് നിലയത്തെ തിരികെ എത്തിക്കാൻ അധികൃതർക്ക് താല്‍പര്യമില്ല.

84.3 കോടി ഡോളറിന്റെ (7035 കോടി രൂപയുടെ) കരാറാണ് സ്പേസ് എക്സിന് ഇതിനായി നല്‍കിയിരിക്കുന്നത്. ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് തള്ളി നീക്കുന്നതിനും ഭൗമാന്തരീക്ഷത്തില്‍ ഇടിച്ചിറക്കുന്നതിനും വേണ്ടിയുള്ള ബഹിരാകാശ പേടകം വികസിപ്പിക്കുകയാണ് സ്പേസ് എക്സിന്റെ ചുമതല. സ്പേസ് എക്സ് വികസിപ്പിക്കുന്ന പേടകത്തിന്റെ നിയന്ത്രണവും ഉടമസ്ഥാവകാശവും നാസയ്ക്കായിരിക്കും.

നിലയം ഭൂമിയോട് അടുപ്പിക്കുന്നത് എങ്ങനെ?

ഡ്രാഗണ്‍ ക്രൂ കാപ്സ്യൂള്‍ തന്നെ ഇതിനായി ഉപയോഗിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി. 46 എഞ്ചിനുകളും 16000 കിലോഗ്രാമിലേറെ ഭാരമുള്ള ഇന്ധനവും അടങ്ങുന്ന ശക്തിയേറിയ പേടകമായിരിക്കും ഇത്. കാരണം ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ വലിപ്പവും 430000 കിലോഗ്രാം ഭാരവുമുള്ള നിലയത്തെ തള്ളി നീക്കാനുള്ള ശക്തി പേടകത്തിന് ഉണ്ടായിരിക്കണം.

ഈ പേടകത്തെ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തമായ ഒരു റോക്കറ്റ് തന്നെ വേണ്ടിവരും. ബഹിരാകാശ നിലയത്തെ തള്ളി നീക്കുന്ന ജോലി ആരംഭിക്കുന്നതിനും ഒന്നര വർഷങ്ങള്‍ക്ക് മുമ്ബ് പേടകം വിക്ഷേപിക്കേണ്ടിവരും. നിലയം തകർക്കുന്നതിന് ആറ് മാസം മുമ്ബ് വരെ ബഹിരാകാശ സഞ്ചാരികള്‍ നിലയത്തിലുണ്ടാവും. അതിനിടെ ബഹിരാകാശ നിലയത്തിലെ എഞ്ചിനുകള്‍ ഉപയോഗിച്ച്‌ നിലയത്തെ 220 കിമീ ഉയരത്തില്‍ എത്തിക്കും. ഇതിന് ശേഷമാണ് സ്പേസ് എക്സ് പേടകം ജോലി ആരംഭിക്കുക.

പസഫിക് സമുദ്രത്തില്‍ പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്ത് നിലയത്തിന്റെ അവശിഷ്ടങ്ങള്‍ വീഴ്ത്താനാണ് നാസ പദ്ധതിയിടുന്നത്. എന്നാല്‍ ഇവ ചിലപ്പോള്‍ ഇന്ത്യൻ മഹാസമുദ്രത്തിലും വീണേക്കാം.

1979 ല്‍ നാസുടെ ആദ്യ ബഹിരാകാശ നിലയമായ സ്കൈലാബ് തകർത്തത് ഭൂമിയില്‍ ഇടിച്ചിറക്കിയാണ്. ഇതിന്റെ അവശിഷ്ടങ്ങള്‍ പസഫിക് സമുദ്രത്തിലും ഓസ്ട്രേലിയയിലുമായാണ് വീണത്. സ്കൈലാബിനെ തകർക്കാൻ പ്രത്യേകം റോക്കറ്റ് തയ്യാറാക്കി സ്കൈലാബിന് പുറത്ത് ഘടിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ റോക്കറ്റ് കൊണ്ടുപോവുന്നതിനുള്ള സ്പേസ് ഷട്ടില്‍ അന്ന് തയ്യാറായില്ല. പിന്നീട് ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് സ്കൈലാബിനെ നിയന്ത്രിച്ച്‌ ഭൂമിയോട് അടുപ്പിക്കുകയായിരുന്നു. ഇന്ത്യൻ സമുദ്രമാണ് ലക്ഷ്യമിട്ടത് എങ്കിലും പശ്ചിമ ഓസ്ട്രേലിയയിലും അവശിഷ്ടങ്ങള്‍ വീണു.

അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ഭൂരിഭാഗവും കത്തിത്തീരുമെങ്കിലും കാഠിന്യമേറിയ ഭാഗങ്ങള്‍ ഭൂമിയില്‍ വീഴുമെന്നാണ് നാസ കണക്കാക്കുന്നത്. അതേസമയം ബഹിരാകാശ നിലയത്തിനുള്ളില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചരിത്ര പ്രാധാന്യമുള്ളതിനാല്‍ ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ നാസയ്ക്ക് ആഗ്രഹമുണ്ട്. നിലയത്തിന്റെ അവസാന വർഷങ്ങളില്‍ സ്പേസ് എക്സ് പേടകങ്ങള്‍ തന്നെ ഇതിനായി ഉപയോഗിച്ചേക്കാം.
Previous Post Next Post