ചിറ്റൂർ പുഴയിൽ കുടുങ്ങി 2 കുട്ടികൾ; രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി
പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു കുട്ടികളേയും ഫയർഫോഴ്സെത്തി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരുന്നത്. സ്കൂൾ കുട്ടികളായ മൂന്നു പേരാണ് പുഴയിൽ കുടുങ്ങിയിരുന്നത്. ഇതിൽ ഒരാൾ പുഴയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടാളും പുഴയ്ക്ക് നടുവിൽ പെടുകയായിരുന്നു. മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് പുഴയുടെ നടുവിൽ പെട്ടതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലാണ് കുട്ടികൾ രക്ഷപ്പെട്ടത്. പുഴയിൽ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്. ഈ ഏണിയിലൂടെ കുട്ടികളെ കയറ്റി കരയിലെത്തിക്കുകയായിരുന്നു.