കേരളത്തിന് 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണം: അഡ്വ.പി സന്തോഷ് കുമാര്‍ എംപി
ന്യൂഡല്‍ഹി | കേരളത്തിന് 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു ബി.എസ്.എല്‍ 3 അഥവാ ബയോ സേഫ്റ്റി ലെവല്‍ 3 പദവി ഉടനെ നല്‍കണം എന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗംവും രാജ്യസഭാ എം പിയുമായ അഡ്വ. പി സന്തോഷ് കുമാര്‍. പാര്‍ലിമെന്റ് ചേരുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പി സന്തോഷ് കുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.
ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം കേരളം സംസ്ഥാനത്തിന് സംഭവിച്ച ബുദ്ധിമുട്ടുകള്‍ നികത്താനും വികസനപദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകാനും ഈ പാക്കേജ് അനിവാര്യമാണ്. നിപ്പയും മറ്റു രോഗങ്ങളും വീണ്ടും സംസ്ഥാനത്ത് സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനു ബി.എസ്.എല്‍ 3 പദവി നല്‍കുന്നത് ആരോഗ്യ മേഖലയ്ക്കും ഗവേഷണമേഖലയ്ക്കും വലിയ ഊര്‍ജം പകരും. സാമ്പത്തിക പാക്കേജ് നല്‍കാനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ സ്വീകരിക്കണം എന്നും അഡ്വ.പി സന്തോഷ് കുമാര്‍ എം.പി പറഞ്ഞു.നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് വികേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍ നിന്നും അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍, യുപിയിലും ഉത്തരാഖണ്ഡിലും കാവട് യാത്രകളുടെ പേരില്‍ വര്‍ഗീയത സൃഷ്ടിച്ച് ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നത്. ഛത്തീസ്ഗഡില്‍ നിരപരാധികളായ ആദിവാസികളെ നക്സലുകള്‍ എന്ന് ആരോപിച്ച് പീഡിപ്പിക്കുകയും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുകയും ചെയ്യുന്ന സംഭവവികാസങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.