ഹൂത്തി ആക്രമണങ്ങള്‍: സൂയസ് കനാല്‍ വരുമാനത്തില്‍ 23 ശതമാനം ഇടിവ്
ദുബൈ|ഹൂത്തി ആക്രമണങ്ങള്‍ കാരണം ഈജിപ്തിലെ സൂയസ് കനാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 23 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രധാനമായും ചെങ്കടലിലെ കപ്പലുകളില്‍ യമന്‍ ഹൂത്തികള്‍ നിരന്തരം ആക്രമണം നടത്തിയിരുന്നു. യു എ ഇ അടക്കം ഗള്‍ഫ് മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ടു. ജൂണ്‍ 30ന് അവസാനിച്ച 12 മാസത്തെ മൊത്തം വരുമാനം 720 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 940 കോടി ഡോളറായിരുന്നെന്നു സൂയസ് കനാല്‍ അതോറിറ്റി അറിയിച്ചു.
കപ്പലുകളുടെ എണ്ണവും കുറഞ്ഞു. നൂറ് കോടി ടണ്‍ ഭാരമുള്ള 20,148 കപ്പലുകള്‍ കനാല്‍ വഴി കടന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 150 കോടി ടണ്ണുമായി 25,911 കപ്പല്‍ ആയിരുന്നു. അതേസമയം, ജലപാത ഒരു സുപ്രധാന ചരക്കു നീക്കത്തില്‍ സ്തംഭമായി തുടരുന്നുവെന്ന് സൂയസ് കനാല്‍ അതോറിറ്റി മേധാവി ഉസാമ റാബി വ്യക്തമാക്കി.
ചെങ്കടലിലെ സംഘര്‍ഷങ്ങള്‍ സൂയസ് കനാലിനെ മാത്രമല്ല, സമുദ്ര ഗതാഗത വിപണിയെയും ആഗോള വ്യാപാരത്തെയും അന്താരാഷ്ട്ര വിതരണ ശൃംഖലയെയും ബാധിച്ചു. നവംബറില്‍ ആക്രമണം ആരംഭിച്ചതിനുശേഷം വിമതര്‍ 70 ലധികം കപ്പലുകളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യംെവച്ചിട്ടുണ്ട്. ഇതുവരെ നാല് നാവികര്‍ കൊല്ലപ്പെട്ടു. ചെങ്കടല്‍, ബാബ് അല്‍ മന്ദേബ്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവ സുരക്ഷിതമാക്കാന്‍ യുഎസ് നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര നാവിക സഖ്യം അടുത്തിടെ സ്ഥാപിച്ച ജോയിന്റ് മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജെ എം ഐ സി) പ്രകാരം, ഹൂതികള്‍ ഒരു കപ്പല്‍ പിടിച്ചെടുക്കുകയും രണ്ട് കപ്പല്‍ മുക്കുകയും ചെയ്തു.