ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു.ഇൻസ്ട്രഗ്രാമിൽ തന്നെ കെണിയൊരുക്കി'20 കാരൻ പിടിയിൽ
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.തിരൂർ ചമ്രവട്ടം സ്വദേശി തൂമ്പിൽ മുഹമ്മദ് അജ്മൽ (20)നെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്.ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ സ്വർണ്ണങ്ങളാണ് അജ്മൽ ഊരി വാങ്ങിയത്. പഴയ സ്വർണ്ണം പുതിയതാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാർത്ഥിനികളിൽ നിന്ന് സ്വർണം വാങ്ങിയത്.പിന്നീട് ഇൻസ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാർത്ഥിനികൾ വിവരം വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.അജ്മലിൻറെ ഫോൺ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാർത്ഥിനികളുടെ കൈവശമില്ലായിരുന്നു. ഇതോടെ പൊലീസ് ഇൻസ്റ്റാഗ്രാമിൽ തന്നെ കെണിയൊരുക്കാൻ തീരുമാനിച്ചു. ഒരു സ്ത്രീയുടെ പേരിൽ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മൽ ശ്രമിച്ചു.സ്വർണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. പെൺകുട്ടികളിൽ നിന്ന് വാങ്ങിയ സ്വർണ്ണാഭരണങ്ങൾ ചമ്രവട്ടം നരിപ്പറമ്പിൽ വെച്ച് സുഹൃത്ത് നിഫിൻ എന്നയാൾക്ക് കൈമാറിയെന്നാണ് അജ്മൽ പൊലീസിന് നൽകിയിട്ടുള്ള മൊഴി.ഇയാളുമായുള്ളതും ഇൻസ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിൻറെ മൊഴി.പെൺകുട്ടികൾ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.