ആര്‍എസ്‌എസ് ഇടപെടല്‍; 2027 ലും യോഗി യുപിയില്‍ പാര്‍ട്ടിയെ നയിക്കും, പടയൊരുക്കം വേണ്ടെന്ന് ബിജെപി നേതൃത്വം
ദില്ലി: യോഗി ആദിത്യനാഥ് തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യുപിയില്‍ ബിജെപിയെ നയിക്കുമെന്ന സൂചന നല്‍കി കേന്ദ്ര നേതൃത്വം.
യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. ആര്‍എസ്‌എസ് ഇടപെടലിലാണ് യോഗിയോടുള്ള നിലപാട് ബിജെപി മയപ്പെടുത്തിയതെന്നാണ് സൂചന.
ദില്ലിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് യോഗിക്ക് അനുകൂലമായ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ മണ്ഡലമായ വാരണസിയിലടക്കം യുപിയില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ യോഗിയും ബിജെപി നേതൃത്വവുമായുള്ള അകലം വര്‍ധിച്ചിരുന്നു. മോദിയുടേതടക്കം ഒരു വിഭാഗം നേതാക്കളുടെ ആശിര്‍വാദത്തോടെ യുപിയില്‍ യോഗിക്കെെതിരെ പടയൊരുക്കവും തുടങ്ങി. സഹമന്ത്രി പദവിയുള്ള നേതാവ് രാജി വച്ച് വിമത നീക്കത്തിന് ആക്കം കൂട്ടി. സംഭവ പരമ്ബരകള്‍ക്ക് ശേഷം ആദ്യമായാണ് യോഗിയും ഉപമുഖ്യമന്ത്രിമാരും ദില്ലിയില്‍ കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിയത്. നയങ്ങള്‍ക്ക് തിരിച്ചടിയേറ്റുവെന്ന വിമര്‍ശനം അംഗീകരിക്കുമ്ബോഴും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് യോഗത്തില്‍ യോഗി നല്‍കിയത്.
വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പ് അവലോകനത്തിനായി യോഗം വിളിച്ചിട്ട് പോലും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയില്‍ നിന്നും, ബ്രജേഷ് പഥക്കില്‍ നിന്നും സഹകരണം കിട്ടിയില്ലെന്ന് യോഗി തുറന്നടിച്ചു. പല യോഗങ്ങളിലും നേതാക്കള്‍ പങ്കെടുത്തത് പോലുമില്ല. ഇതിനിടെ ആര്‍എസ്‌എസ് ഇടപെട്ട് യോഗിക്ക് ശക്തമായ പിന്തുണ അറിയിച്ചു. യുപി സന്ദര്‍ശന വേളയില്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് യോഗിയെ കണ്ട് കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. നിയമസഭ ഉപതെരഞ്ഞടപ്പില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. യോഗി തന്നെ നയിക്കും. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിലും, പാര്‍ട്ടിയിലും മാറ്റം ഉണ്ടായേക്കുമെന്ന സൂചനയും ബിജെപി കേന്ദ്ര നേതൃത്വം നല്‍കുന്നുണ്ട്.