മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതായി സംശയം; ഭര്‍ത്തൃവീട്ടില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന
ആലപ്പുഴ | മാവേലിക്കരയില്‍ പതിനഞ്ചുവര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതായി സംശയം. മാന്നാര്‍ സ്വദേശി കലയെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. കല കൊല്ലപ്പെട്ടതായി യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്നാണ് മൊഴി. ഇതിനു പിന്നാലെ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.കല താമസിച്ചിരുന്ന മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിച്ച് പോലീസ് പരിശോധന ആരംഭിച്ചു.
കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസില്‍ തുടരന്വേഷണം നടന്നില്ല.പിന്നീട് യുവതിയുടെ ഭര്‍ത്താവ് അനില്‍ ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇയാള്‍ വീണ്ടും വിവാഹിതനാവുകയും ചെയ്തു.
15 വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്തുകള്‍ പോലീസിന് നിരന്തരമായി ലഭിക്കാന്‍ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്നാണ് അനിലിന്റെ സുഹൃത്തുക്കളുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ കാറില്‍ വെച്ച് കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്നാണ് വിവരം. മൊഴി വാസ്തവമാണോ എന്ന് പരിശോധിക്കാനാണ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തുന്നത്.അനിലിന്റെയും കലയുടേതും പ്രണയവിവാഹമായിരുന്നു. 27 വയസുള്ളപ്പോഴാണ് യുവതിയെ കാണാതാവുന്നത്. സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.