ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറാക്കണമെന്ന് ഐ.ടി കമ്പനികൾ; എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍

ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറാക്കണമെന്ന് ഐ.ടി കമ്പനികൾ; എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍
ബംഗളൂരു: ജീവനക്കാരുടെ ജോലി സമയം 14 മണിക്കൂറാക്കി ഉയർത്തണമെന്ന് കർണാടകയിലെ ഐ.ടി കമ്ബനികള്‍. സംസ്ഥാന സർക്കാറിനോടാണ് അവർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.


ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചകള്‍ നടത്തുന്നുവെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല.

ജോലി സമയം ദീർഘിപ്പിക്കുന്നതിനായി 1961ലെ കർണാടക ഷോപ്പ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റബ്ലിഷ്മെന്റ് ആക്ടില്‍ മാറ്റം വരുത്തണമെന്നാണ് ഐ.ടി കമ്ബനികള്‍ ആവശ്യപ്പെടുന്നത്. ജോലി സമയം ഓവർ ടൈം ഉള്‍പ്പടെ 14 മണിക്കൂറാക്കണമെന്നാണ് ഇവരുടെ ആവശ്യം.

നിലവിലെ നിയമങ്ങള്‍ പ്രകാരം ഓവർടൈം ഉള്‍പ്പടെ 12 മണിക്കൂർ മാത്രമേ ജീവനക്കാരെ ജോലിയെടുപ്പിക്കാനാവു. ഭേദഗതി നടപ്പിലായാല്‍ ഐ.ടി, ബി.പി.ഒ ഉള്‍പ്പടെയുള്ള സെക്ടറുകളില്‍ ജോലിയെടുക്കുന്നവരുടെ ജോലി സമയം 14 മണിക്കൂറായി ഉയരും.

അതേസമയം, ജോലി സമയം മാറ്റുന്നതിനെതിരെ കർണാടക ഐ.ടി എംപ്ലോയിസ് യൂണിയൻ രംഗത്തെത്തി. ജീവനക്കാരുടെ ജോലി സമയം കൂട്ടി ഷിഫ്റ്റുകള്‍ കുറക്കാനാണ് നീക്കം നടത്തുന്നതെങ്കില്‍ അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് കെ.ഐ.ടി.യു പറഞ്ഞു. ഷിഫ്റ്റിന്റെ എണ്ണം കുറച്ചാല്‍ മൂന്നിലൊന്ന് ജീവനക്കാരും ജോലി വിടുമെന്ന് സംഘടന അറിയിച്ചു.

ഇത് ജീവനക്കാരുടെ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകും. കർണാടകയിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 45 ശതമാനം പേർക്കും വിഷാദവും 55 ശതമാനം പേർക്ക് ദീർഘസമയം ജോലി ചെയ്യുന്നത് കൊണ്ടുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ടെന്നാണ് കർണാടക ഐ.ടി സംഘടനകള്‍ വ്യക്തമാക്കുന്നത്.
Previous Post Next Post