ശ്രദ്ധയില്ലാതെ ചില വാക്കുകള്‍ ഉപയോഗിച്ചു;14 വര്‍ഷത്തിനുശേഷം എടുത്ത നടപടി കുറച്ചധികം കടന്നകൈയാണ്-തരൂര്‍
പതിനാല് വർഷംമുമ്ബ് അരുന്ധതി റോയ് നടത്തിയ പരാമർശങ്ങളുടെപേരില്‍ അവരുടെമേല്‍ ഇപ്പോള്‍ നടപടിയെടുക്കുന്നതിലെ ഭരണകൂടത്തിന്റെ യുക്തിരാഹിത്യത്തെക്കുറിച്ച് ശശി തരൂർ എഴുതുന്നു;
14 വർഷംമുമ്ബ് 2010 ഡിസംബറില്‍. ഡല്‍ഹിയിലെ ഒരു കോണ്‍ഫറൻസില്‍ കശ്മീരിനെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിലുള്ള തീർപ്പുകല്‍പിക്കാത്ത കേസില്‍, എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ ഡല്‍ഹി പോലീസ് ഉടൻ ഔദ്യോഗികമായി കുറ്റംചുമത്തും. ഇസ്ലാമിക മൗലികവാദികള്‍ക്കും ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും വിഘടനവാദ ആശയങ്ങളോട് മമതപുലർത്തുന്നവർക്കുമൊപ്പം ചേർന്നുകൊണ്ട്, അന്ന് ഒരുപക്ഷേ, അത്ര ഗ്രാഹ്യമില്ലാതെ 'കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല' എന്ന് മിസ്. റോയി നടത്തിയ പരാമർശം, കശ്മീരിനെ രാജ്യത്തുനിന്നും വേർപിരിക്കണമെന്ന് വാദിക്കുന്നവരുടെ വാദമുഖങ്ങള്‍ക്ക് പിന്തുണനല്‍കുകയും അത്തരക്കാരുടെ കൈയടിനേടുകയും ചെയ്തിരുന്നു.
2010-ല്‍ ഒരു മജിസ്ട്രേറ്റ് കോടതി റോയിയുടെ പരാമർശം ശ്രദ്ധിക്കുകയും നോവലിസ്റ്റിനെതിരേ കേസെടുക്കുകയും ചെയ്തിരുന്നു, പക്ഷേ അന്ന് തുടർനടപടികളൊന്നുമുണ്ടായില്ല. കേസ് മാത്രം രജിസ്റ്റർചെയ്യുന്നതിലൂടെ എഴുത്തുകാരിയുടെ പരാമർശത്തോടുള്ള രാജ്യത്തിന്റെ ഇഷ്ടക്കേട് പ്രകടിപ്പിക്കുകയും അത്തരം പരാമർശങ്ങള്‍ ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു കോടതിയുടെ ഉദ്ദേശ്യം. രാജ്യത്തിന്റെ ഏതുഭാഗത്തെക്കുറിച്ചും വിഘടനവാദം പ്രസംഗിക്കുന്നത് ഭൂരിഭാഗം രാജ്യങ്ങളിലും നിയമവിരുദ്ധമാണ്, ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല.
വിവേകമില്ലാത്ത പ്രസ്താവന
ഇന്ത്യവിടുംമുമ്ബ് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷുകാർ നടത്തിയ വിഭജനമുണ്ടാക്കിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല, ഇന്ത്യൻ അധീനമേഖലയില്‍ ഇടയ്ക്കിടെ തീവ്രവാദി ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് കശ്മീരിനെ ഇന്ത്യയില്‍നിന്ന് വിഘടിപ്പിച്ച് പാകിസ്താനില്‍ ലയിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഇസ്ലാമിക പാകിസ്താൻ, രാജ്യത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുണ്ട് എന്നതുംകൂടിയാകുമ്ബോള്‍ ഇന്ത്യൻ സാഹചര്യത്തില്‍ ഇത്തരം വികാരങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും.
പാകിസ്താൻ ആയുധവും സാമ്ബത്തികപിന്തുണയും നിർദേശങ്ങളും നല്‍കി പിന്തുണയ്ക്കുന്ന തീവ്രവാദികളുടെ കൈകൊണ്ട് കശ്മീരില്‍ ഇപ്പോഴും ജനങ്ങള്‍ മരിക്കുന്നുണ്ടെന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. ഇന്ത്യയെ ആക്രമണമനോഭാവത്തോടെ വളഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എഴുത്തുകാരിനടത്തിയ പരാമർശം വിവേകമില്ലാത്തതും വിദ്വേഷം ജനിപ്പിക്കുന്നതുമായിരുന്നു.
നടപടി കടന്നകൈ
പക്ഷേ, പതിന്നാലുവർഷത്തിനുശേഷം, ഇന്ന് അതിനെതിരേ നടപടിയെടുക്കുന്നത് കുറച്ചധികം കടന്നകൈയാണ്. ഒരു വ്യക്തിയെന്നനിലയിലും എഴുത്തുകാരി എന്നനിലയിലും റോയിയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെങ്കിലും അവരുടെ എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പില്ല. കശ്മീർ എല്ലാകാലവും ഇന്ത്യയുടെ ഒരു അവിഭാജ്യഘടകമായിരുന്നു എന്ന് തെളിയിക്കുന്ന ചരിത്രരേഖകള്‍ ഒട്ടേറെ ലഭ്യമായുള്ളപ്പോള്‍, അത് അങ്ങനെയല്ലെന്ന് ന്യായീകരിക്കുന്നത് ഒന്നുകില്‍ അറിവില്ലായ്മയോ അല്ലെങ്കില്‍ അജ്ഞതയോ ആണ്. ഇവ രണ്ടും ഇത്തരമൊരു സൂക്ഷ്മവിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്ബോള്‍ ഗുണകരമാവില്ലെന്നു പറയേണ്ടതില്ല. തന്റെ മുൻകാല എഴുത്തുകളില്‍ മാവോവാദി കൊലയാളികളെ കാല്പനികമായി 'തോക്കേന്തിയ ഗാന്ധിയന്മാർ' എന്നുവിളിച്ച് മിസ്. റോയി ഒട്ടേറെ ആരാധകർക്കും സുഹൃത്തുക്കള്‍ക്കും നിരാശയും വേദനയും സമ്മാനിച്ചിട്ടുണ്ട്.
സാഹിത്യവുമായി ബന്ധപ്പെട്ട വാർത്തകളും ആർട്ടിക്കിളുകളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്യൂ.
എന്നിട്ടും, 2010-ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വംനല്‍കിയ സർക്കാർ എഴുത്തുകാരിയെ അവരുടെ പരാമർശത്തിന്റെപേരില്‍ വിചാരണചെയ്യുന്നത് അത്യാവശ്യമാണെന്ന് കരുതിയില്ല. അന്നത്തെ പ്രതിപക്ഷമായിരുന്ന, ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി. അവർക്കെതിരേ നടപടിയെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും തെറ്റിദ്ധാരണകലർന്നതാണെങ്കിലും എഴുത്തുകാരിയുടെ വാക്കുകള്‍ രാജ്യദ്രോഹപരമല്ലെന്ന നിലപാടാണ് ഡല്‍ഹി പോലീസെടുത്തത്.
ആ സമയത്ത്, കശ്മീരിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകളില്‍ മുഴുകിയിരുന്ന കേന്ദ്രസർക്കാർ, എഴുത്തുകാരിയെ വിചാരണചെയ്യുന്നത് തങ്ങളുടെ പ്രധാന ഉദ്ദേശ്യത്തില്‍നിന്നുള്ള അനാവശ്യമായ ശ്രദ്ധതിരിക്കലാവും എന്നാണ് നിലപാടെടുത്തത്. ചുമതലപ്പെട്ട മജിസ്ട്രേറ്റ്, പോലീസിന്റെ വാദം തള്ളിക്കളഞ്ഞ് കേസെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ആ നീക്കം മുന്നോട്ടുപോയില്ല.
ജനാധിപത്യ മൂല്യങ്ങള്‍ക്കെതിര്
ഇന്നുപക്ഷേ, സമവാക്യങ്ങളൊക്കെ മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. കേന്ദ്രത്തില്‍ അധികാരത്തിലുള്ളത് ബി.ജെ.പി.യാണ്, 2019-ല്‍ അവർ കശ്മീരിനെ രണ്ടായിത്തിരിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുമാറ്റി ഒരു സാധാരണ കേന്ദ്രഭരണപ്രദേശമാക്കി ചുരുക്കിയതടക്കമുള്ള ദൂരവ്യാപകമായ മാറ്റങ്ങളാണ് നടപ്പാക്കിയത്. മിസ്. റോയിയുടെപേരില്‍ നിയമനടപടികള്‍ ആരംഭിക്കാനൊരുങ്ങുന്നത് യു.എ.പി.എ. നിയമം എന്നറിയപ്പെടുന്ന 13-ാം പരിച്ഛേദത്തിലെ നിയമവിരുദ്ധ പ്രവർത്തന (നിരോധന) നിയമം അനുസരിച്ചാണ്, ഇതനുസരിച്ച് 'നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്താൻ ആഹ്വാനംചെയ്യുക, സഹായിക്കുക, പ്രോത്സാഹനം നല്‍കുക' എന്നിവയുള്‍പ്പെടുന്ന കുറ്റങ്ങള്‍ക്കുള്ള ശിക്ഷ ഏഴുവർഷംവരെയുള്ള തടവും പിഴയുമാണ്.
ശ്രദ്ധയില്ലാതെ ഉപയോഗിച്ച ചിലവാക്കുകളുടെപേരിലുള്ള ഈ നടപടി കുറച്ചധികം കടന്നുപോയെന്നാണ് നമ്മളില്‍ ഭൂരിഭാഗത്തിനും തോന്നുന്നത്. ഭരണകൂടത്തിന് എത്രയൊക്കെ കുറ്റകരമായിത്തോന്നിയാലും അഭിപ്രായസ്വാതന്ത്ര്യം നിയമവിരുദ്ധമാക്കുന്നത് ജനാധിപത്യത്തിന് ഒട്ടും യോജിക്കുന്ന നടപടിയല്ല.
റോയി കേസ് ഇപ്പോള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത് കൃത്യമായ സന്ദേശം നല്‍കാനുദ്ദേശിച്ചുതന്നെയാണ്. കുറഞ്ഞ എണ്ണം സീറ്റുകളുമായി, ഭൂരിപക്ഷത്തിനുവേണ്ടി ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ പത്തുവർഷമായി ഞങ്ങള്‍ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെത്തന്നെ, അഭിപ്രായസ്വാതന്ത്ര്യത്തോടും വിമർശനങ്ങളോടും അസഹിഷ്ണുത പുലർത്തുന്ന പഴയ അതേ നിലപാട് വെച്ചുപുലർത്താൻതന്നെയാണ് ബി.ജെ.പി. തീരുമാനിച്ചിരിക്കുന്നത്.
അഭിപ്രായവ്യത്യാസത്തെ 'ദേശവിരുദ്ധം' എന്ന് മുദ്രകുത്തുന്ന, ഇന്ത്യയില്‍ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയുമില്ലെന്ന് പ്രഖ്യാപിക്കുന്നതുപോലെ വിമർശകരോട് 'പാകിസ്താനില്‍ പോകാൻ' പറയുന്ന ഒരു സർക്കാരാണ് ഭരണത്തിലുള്ളത്. എന്നിട്ടും അതേ ബി.ജെ.പി. സർക്കാർതന്നെയാണ് രാജ്യത്തെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ച് (ഒരു ലജ്ജയുമില്ലാതെ) ജനാധിപത്യത്തിന്റെ മഹത്ത്വത്തെക്കുറിച്ച് ലോകത്തോട് പ്രസംഗിക്കുന്നതും.
ഭൂരിപക്ഷം ജനങ്ങള്‍ക്കും ദഹിക്കാത്ത അപ്രിയസത്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യംകൂടിയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ആശയമെന്നത് ഒരുകാലത്തും ബി.ജെ.പി. സർക്കാർ മനസ്സിലാക്കിയിട്ടില്ല. പകരം, തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും എന്ന സന്ദേശമാണ് ബി.ജെ.പി. ഇന്ത്യയിലെ വിമർശകർക്ക് നല്‍കാനാഗ്രഹിക്കുന്നത്.
പുറമേനിന്നുനോക്കുമ്ബോള്‍, പ്രശസ്തയും അന്താരാഷ്ട്ര മേഖലയില്‍ പുരസ്കാരങ്ങള്‍നേടി ബഹുമാനവും ഔന്നത്യവും പിടിച്ചുപറ്റിയ സ്വാധീനശക്തിയുള്ള ഒരു എഴുത്തുകാരിയെ കുറ്റംചുമത്തി ശിക്ഷിക്കുന്നത് ഒരു 'സെല്‍ഫ് ഗോള്‍' ആയിമാറാനാണ് സാധ്യത, ഇന്ത്യ ജനാധിപത്യശക്തിയില്‍നിന്ന് 'തിരഞ്ഞെടുപ്പ് നടക്കുന്ന ഏകാധിപത്യശക്തി'യായി അധഃപതിച്ചെന്ന് വാദിക്കുന്ന, ലോക പത്രസ്വാതന്ത്ര്യപ്പട്ടികയില്‍ ഇന്ത്യയെ പിന്തള്ളുന്ന നീക്കങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരാനാണ് ഇത്തരമൊരു നീക്കം ഉപകരിക്കുക.