'13 ദിവസമായി, അര്‍ജുന് എന്തുപറ്റിയെന്ന് അമ്മ ഇപ്പോഴും ചോദിക്കുന്നു'; തിരച്ചില്‍ തുടരണമെന്ന് കുടുംബം

'13 ദിവസമായി, അര്‍ജുന് എന്തുപറ്റിയെന്ന് അമ്മ ഇപ്പോഴും ചോദിക്കുന്നു'; തിരച്ചില്‍ തുടരണമെന്ന് കുടുംബം


കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ യാതൊരു കാരണവശാലും നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു.


അർജുനെപോലെ മറ്റ് രണ്ട് പേരെയും തിരിച്ചുകിട്ടാനുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരിച്ചുകിട്ടുന്നതുവരെ യാതൊരു കാരണവശാലും രക്ഷാദൗത്യം നിർത്തരുതെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ പ്രദേശത്ത് നടക്കുന്ന കാര്യങ്ങള്‍ അങ്ങിനെതന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. കാലാവസ്ഥയുടെ കാര്യം നമുക്കറിയാം. അതിനെയൊക്കെ നിയന്ത്രിക്കാൻ പറ്റുന്ന രീതിയിലുള്ള സാങ്കേതികവിദ്യയും ഇന്ന് ലഭ്യമാണ്. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ഭർത്താവാണ് കുടുംബത്തെ അറിയിക്കുന്നത്.

ലോറി കണ്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് അതേക്കുറിച്ച്‌ യാതൊരു വിവരവും ഇല്ല. ഇക്കാര്യത്തില്‍ ചെറിയ വിഷമമുണ്ട്. ആരെയും കുറ്റംപറയുകയല്ല. 'അർജുനെ കാണാതായിട്ട് ഇപ്പോള്‍ 13 ദിവസം ആയി. അമ്മ ഇപ്പോഴും ചോദിക്കുന്നുണ്ട് എന്റെ മകന് എന്താണ് പറ്റിയതെന്ന്. ഈ 13 ദിവസം ആയിട്ട് ഞങ്ങള്‍ ഇനി എന്താണ് പറയുക. എന്നാണ് തിരിച്ചുവരിക ഒന്നും അറിയില്ല', അഞ്ജു പറഞ്ഞു.

നേരത്തെ, രക്ഷാദൗത്യം താത്കാലികമായി അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തില്‍നിന്ന് യന്ത്രങ്ങള്‍ എത്തിക്കുന്നതിന് നാല് ദിവസത്തേക്ക് ദൗത്യം നിർത്തിവച്ചതായാണ് ഇപ്പോഴത്തെ വിവരം. തീരുമാനത്തിന് പിന്നാലെ കേരളത്തിലെ ജനപ്രതിനിധികളടക്കം സംഭവത്തില്‍ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ നിർത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയാണെന്ന് മന്ത്രി റിയാസ് പറഞ്ഞു.


Previous Post Next Post