അബൂദബിയില്‍ 138 മായം കലര്‍ന്ന ഔഷധ ഉത്പന്നങ്ങള്‍ കണ്ടെത്തി
അബൂദബി| ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 138 മായം കലര്‍ന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ കണ്ടെത്തിയതായി അബൂദബി ആരോഗ്യവകുപ്പ്. 51 വ്യത്യസ്ത വ്യാജ ഉത്പന്നങ്ങള്‍, 45 ഉത്തേജകങ്ങള്‍, 18 സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, 12 ഭാരം കുറക്കല്‍ ഉത്പന്നങ്ങള്‍, 12 വ്യാജ ബോഡി ബില്‍ഡിംഗ് ഉത്പന്നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മസില്‍ ബില്‍ഡിംഗ്, ബോഡി ബില്‍ഡിംഗ്, ലൈംഗിക വര്‍ധന, ശരീരഭാരം കുറക്കല്‍, സൗന്ദര്യവത്കരണം എന്നിവക്കായി ഉപയോഗിക്കുന്ന ഇവ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് അബൂദബി ഹെല്‍ത്ത് വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന വ്യാജ ഉത്പന്നങ്ങളുടെ ഒരു ലിസ്റ്റ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കുകയും കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. പ്രാദേശികവും അന്തര്‍ദേശീയവുമായ ആരോഗ്യ സ്ഥാപനങ്ങള്‍ അവയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയ ഉത്പന്നങ്ങളുടെ പാക്കേജിംഗിന്റെ ചിത്രങ്ങള്‍, നിരോധനത്തിന്റെ കാരണവും അപകടകരമായ ചേരുവകളും ഈ ലിസ്റ്റിലുണ്ട്. ഏതെങ്കിലും പോഷകാഹാര സപ്ലിമെന്റ് ഉപയോഗിക്കുന്നതിന് മുമ്പ് ഫിസിഷ്യനില്‍ നിന്നോ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലില്‍ നിന്നോ എപ്പോഴും ഉപദേശം തേടാന്‍ അധികൃതര്‍ ശുപാര്‍ശ ചെയ്തു.