വൻകിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ 10 ശതമാനം അടച്ചാല്‍ മതി; വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥയില്‍ ഇളവ്

വൻകിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ 10 ശതമാനം അടച്ചാല്‍ മതി; വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥയില്‍ ഇളവ്


തിരുവനന്തപുരം: കേരളത്തിന്‍റെ വ്യവസായ മേഖലയില്‍ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി നിയമ ഭേദഗതി ചട്ടങ്ങളുമായി സംസ്ഥാന സർക്കാർ.



വ്യാവസായിക പ്രവർത്തനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കിൻഫ്രയുടെയും കെഎസ്‌ഐഡിസിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ (ലാൻഡ് ഡിസ്‌പോസല്‍ റെഗുലേഷൻസ്) പരിഷ്‌കരിച്ചു.


ഇനി മുതല്‍ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാല്‍ മതിയാകും. പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കിൻഫ്രയും കെഎസ്‌ഐഡിസിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകള്‍ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്‌കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്.


നിലവില്‍ കിൻഫ്രയില്‍ നിന്ന് വ്യാവസായിക സംരംഭങ്ങള്‍ക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക് 30 മുതല്‍ 60 വർഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവും നല്‍കണം. ബാക്കി തുക പലിശ സഹിതം രണ്ട് വർഷം കൊണ്ട് 2 ഗഡുക്കളായും അടക്കണമെന്നാണ് ചട്ടം. ഇനിമുതല്‍ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കില്‍ 90 വർഷം വരെ കാലാവധിയില്‍ ഭൂമി അനുവദിക്കും.


കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് ഇത്തരത്തില്‍ അനുവദിക്കുക. 50-100 കോടി വിഭാഗത്തില്‍ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിന്റെ 20 ശതമാനം തുകയും 100 കോടിക്ക് മേല്‍ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുൻകൂട്ടി അടച്ചാല്‍ മതി. ആദ്യവിഭാഗക്കാർ ബാക്കി 80 ശതമാനം തുക കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പലിശ സഹിതം 5 തുല്യ വാർഷിക ഗഡുക്കളായും 100 കോടിക്ക് മേല്‍ നിക്ഷേപം കൊണ്ടുവരുന്നവർ ബാക്കിയുള്ള 90 ശതമാനം പാട്ടത്തുക പലിശസഹിതം 9 തുല്യ വാർഷിക തവണകളായും അടച്ചാല്‍ മതി. മുൻകൂർ തുക അടച്ച തീയതി മുതല്‍ 24 മാസം വരെ പലിശയോടു കൂടിയ മൊറട്ടോറിയം ലഭിക്കാനും അവസരമുണ്ട്.


50 ഏക്കറിന് മുകളില്‍ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിള്‍, ഗ്രീൻ എനർജി മേഖലകളിലെ ഹൃസ്വകാല പദ്ധതികളില്‍ വാർഷിക വാടക അടിസ്ഥാനത്തില്‍ ഭൂമി അനുവദിക്കും. ഇത്തരം യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് 20 വർഷത്തെ ലോക്ക് ഇൻ കാലയളവുണ്ട്. കോസ്റ്റ് റിക്കവറി അടിസ്ഥാനത്തില്‍ ജി എസ് ടിയോട് കൂടിയ വാടക അതതു സർക്കാർ ഏജൻസികളാണ് തീരുമാനിക്കുക.


ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ പദ്ധതി തുടരാനാകാത്ത വിധമുള്ള തടസമോ ഉണ്ടായാല്‍, അധിക ചിലവില്ലാതെ തന്നെ നിയമപരമായ അവകാശികളിലേക്ക് കൈമാറ്റം നടത്തി ക്രമവല്‍ക്കരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. നിലവിലെ ചട്ടപ്രകാരം പദ്ധതിയില്‍ നിന്ന് പുറത്ത് പോകുന്നവർ ഏതു സമയത്തും അവശേഷിക്കുന്ന പാട്ടത്തുക പൂർണ്ണമായും അടച്ചുതീർക്കണം. എന്നാല്‍ ഇനിമുതല്‍ ഇത്തരത്തില്‍ പുറത്തുകടക്കാനും മറ്റൊരു സംരംഭകന് വ്യവസായം കൈമാറാനും ആഗ്രഹിക്കുന്ന സംരംഭകർക്ക് വിവിധ സ്ലാബുകളനുസരിച്ച്‌ ഡി എല്‍ പി തിരിച്ചടക്കാനുള്ള സൗകര്യമുണ്ട്.


വാണിജ്യ ഉല്‍പ്പാദനം ആരംഭിച്ച തീയതി മുതല്‍ 5 വർഷത്തില്‍ താഴെ മാത്രം പ്രവർത്തിച്ച യൂണിറ്റുകള്‍ ഡി എല്‍ പിയുടെ പകുതി അടച്ചാല്‍ മതിയാകും. 5 മുതല്‍ 7 വർഷം വരെ പ്രവർത്തിച്ച യൂണിറ്റുകള്‍ ഡി എല്‍ പിയുടെ 20 ശതമാനവും 7 വർഷത്തില്‍ കൂടുതല്‍ പ്രവർത്തിച്ചവ ഡി എല്‍ പിയുടെ 10 ശതമാനവും നല്‍കിയാല്‍ മതി. ഒരേ മാനേജ്‌മെന്റിന് കീഴില്‍ കോടതിയോ എൻ സി എല്‍ ടിയോ അംഗീകരിച്ച ലയനങ്ങള്‍ക്കോ സംയോജനങ്ങള്‍ക്കോ നിലവിലെ ലീസ് പ്രീമിയത്തിന്റെ ഒരു ശതമാനം ബാധകമായിരിക്കും.


ഭൂമി ലഭ്യമായവർ നിർമ്മിച്ച ബില്‍റ്റ്-അപ്പ് സ്ഥലം ലോജിസ്റ്റിക് പ്രവർത്തനങ്ങള്‍ക്കും വെയർ ഹൗസ് സൗകര്യങ്ങളുടെ സബ്-ലീസിങ്ങിനും വേണ്ടി യഥാർത്ഥ പാട്ടക്കാലയളവില്‍ കവിയാത്ത കാലത്തേക്ക് മറ്റോരു ഓപ്പറേറ്റർക്ക് സബ് ലീസിന് നല്‍കാനും ഇനിമുതല്‍ അനുവാദമുണ്ട്. പരിഷ്‌കരിച്ച ചട്ടങ്ങള്‍ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നും വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യും.



Previous Post Next Post