നിലപാട് അറിയിച്ച് കെ എസ് ആർ ടി സി; യാത്രക്കാർ പറയുന്നിടത്ത് രാത്രി ദീർഘദൂര ബസുകൾ നിർത്താനാകില്ല

നിലപാട് അറിയിച്ച് കെ എസ് ആർ ടി സി; യാത്രക്കാർ പറയുന്നിടത്ത് രാത്രി ദീർഘദൂര ബസുകൾ നിർത്താനാകില്ല
പാലക്കാട് | രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ലെന്ന് കെ എസ് ആർ ടി സി. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദേശിക്കുന്നുണ്ടെങ്കിലും ദീർഘദൂര മൾട്ടി ആക്സിൽ എ സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്സ് ബസുകളിൽ ഈ നിർദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും ഇത്തരം സർവീസുകൾ നിർദിഷ്ട സ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെ എസ് ആർ ടി സി കമ്മീഷനെ അറിയിച്ചു. പാലക്കാട് -വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപോർട്ടിലാണ് കെ എസ് ആർ ടി സി നിലപാട് അറിയിച്ചത്. വാളയാർപാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവീസുകൾ ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
കെ എസ് ആർ ടി സി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. പാലക്കാട്- വാളയാർ റൂട്ടിൽ രാത്രികാലത്ത് ബസ് സർവീസുകൾ കുറവായ സാഹചര്യത്തിലാണ് നടപടി.

പാലക്കാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഗതാഗത മന്ത്രി ഗണേഷ് കുമാറും രാത്രികാലങ്ങളിൽ ദീർഘ ദൂര ബസുകളടക്കം വനിതാ യാത്രക്കാരുൾപ്പെടെ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണമെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതൊക്കെ മറികടന്നാണ് കെ എസ് ആർ ടി സി. എം ഡി രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ലെന്ന് നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ നിർദേശം രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന വനിതകൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.
Previous Post Next Post