പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍; കേന്ദ്ര നിര്‍ദേശത്തിന് വഴങ്ങി കേരളം
തിരുവനന്തപുരം | സംസ്ഥാനത്ത് ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്ര നിര്‍ദേശത്തിന് വഴങ്ങിയാണ് പേരുമാറ്റം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശമനുസരിച്ച് പേരുമാറ്റില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാറിന്റെ നിലപാട്. സംസ്ഥാനത്തെ ആരോഗ്യപദ്ധതിക്കുള്ള ഫണ്ട് കേന്ദ്രം നല്‍കാത്ത സാഹചര്യം വന്നതോടെയാണ് പെരുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം (പിഎച്ച്‌സി), അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ (യുപിഎച്ച്സി), അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്‌സ് എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന് മാറ്റുന്നത്.
കേരള സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടായിരിക്കണം.ബോര്‍ഡില്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം. ആരോഗ്യം പരമം ധനം എന്ന് കൂടി ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
2023 ഡിസംബറിനുള്ളില്‍ ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ നടപടികള്‍ നീണ്ടുപോകുകയായിരുന്നു. നേരത്തെ പേരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും പേരുമാറ്റം ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചത്.