ആതുര സേവകര്‍ക്കായി ഒരു ദിനം
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനമായി ആചാരിക്കുന്നത്. 1882 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ നിന്ന് എംആര്‍സിപിയും എഫ് ആര്‍സിഎസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു.
എല്ലാവര്‍ഷവും ഇതേ ദിവസം, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഡോക്ടര്‍മാരുടെ പ്രാധാന്യത്തെക്കുറിച്ചും അവരുടെ സുപ്രധാന പങ്കിനെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നു. സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ചാണ് ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെ ജീവിതത്തിന്റെ വില ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണിത്.
സമൂഹത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. രോഗികളുടെ ക്ഷേമത്തിനായി അവരുടെ ജീവന്‍ സമര്‍പ്പിച്ചവരാണ് ഡോക്ടര്‍മാര്‍. രോഗത്തില്‍ നിന്നോ രോഗവുമായി ബന്ധപ്പെട്ട അവസ്ഥകളില്‍ നിന്നോ വേഗത്തില്‍ സുഖം പ്രാപിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവര്‍ മെഡിക്കല്‍ സയന്‍സിനെ വളരെയധികം മനസ്സിലാക്കുകയും രോഗികളുടെ മെഡിക്കല്‍ അവസ്ഥകളെ ചികിത്സിക്കുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ അറിവ് സമര്‍പ്പിക്കുകയും ചെയ്തവരാണ്.
പല സന്ദര്‍ഭങ്ങളിലും രോഗികളും ബന്ധുക്കളും ചേര്‍ന്ന് ആക്രമിക്കുന്ന സംഭവങ്ങളും വന്ദനാദാസ് പോലെയുള്ളവരുടെ സങ്കട കഥകളും ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ ഇന്നും ജനങ്ങളോടൊപ്പം ഉണ്ട്. ചില അവസരങ്ങളില്‍ അവരുടെ ജീവനേക്കാള്‍ വലുതാണ് രോഗികളുടെ ജീവന്‍ എന്നും കൊവിഡും നിപ്പയും ഒക്കെ നമുക്ക് കാണിച്ചു തന്നു. മെഡിക്കല്‍ അത്യാഹിതങ്ങളെയും പകര്‍ച്ചവ്യാധി സാഹചര്യങ്ങളെയും തരണം ചെയ്യുന്നതില്‍ പൊതുജനങ്ങളെ സഹായിക്കുന്നതില്‍ ഓരോ ഡോക്ടര്‍മാരുടെയും ശ്രമങ്ങളെ ആദരിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും കൈവന്നിരിക്കുന്ന ഒരു സുദിനം കൂടിയാണ് ഇന്ന്.