യുക്രൈനിൽ വൻ ആക്രമണവുമായി റഷ്യ

യുക്രൈനിൽ വൻ ആക്രമണവുമായി റഷ്യ

കീവ് | റഷ്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് രാജ്യത്തുടനീളം ആക്രമണം നടത്തിയെന്ന് യുക്രൈൻ. അഞ്ച് മേഖലകളിലെ വൈദ്യുത കേന്ദ്രങ്ങൾ നശിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.

കിഴക്കൻ ഡൊണേട്‌സ്‌ക്, തെക്കുകിഴക്കൻ സപോറേഷ്യ, ദ്‌നിപ്രൊപെട്രോവ്‌സ്‌ക്, മധ്യ- പടിഞ്ഞാറൻ മേഖലകളിലെ കിറോവോഹ്‌റാദ്, ഇവാനോ ഫ്രാങ്കിവ്‌സ്‌ക് എന്നീ മേഖലകളിലാണ് ഊർജ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായതെന്ന് യുക്രൈനിന്റെ ദേശീയ ഗ്രിഡ് ഓപറേറ്റർ യുക്രെനെർജോ അറിയിച്ചു.

പ്രാദേശിക സമയം ഇന്നലെ രാവിലെയായിരുന്നു ആക്രമണം. മാർച്ച് മുതൽ സാധാരണക്കാർക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെയുള്ള ആറാമത്തെ ഏറ്റവും വലുതും സങ്കീർണവുമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 53 റഷ്യൻ മിസൈലുകളിൽ 35ഉം 47 ഡ്രോണുകളിൽ 46ഉം യുക്രൈൻ വ്യോമ പ്രതിരോധ സേന വീഴ്ത്തിയിട്ടുണ്ട്. അതേസമയം, മറുപടി എന്ന നിലക്ക് നിർബന്ധിതരായാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൈനിക വ്യവസായ കേന്ദ്രങ്ങളായും പാശ്ചാത്യ രാജ്യങ്ങൾ വിതരണം ചെയ്ത ആയുധങ്ങൾക്കുള്ള ഡിപ്പോകളായും പ്രവർത്തിക്കുന്ന ഊർജ കേന്ദ്രങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നും റഷ്യ അറിയിച്ചു. ഉന്നത നിലയിൽ കൃത്യതയാർന്ന ആക്രമണം നടത്താൻ സാധിക്കുന്ന ആയുധങ്ങളാണ് ഉപയോഗിച്ചത്. മാർച്ച് മുതൽ യുക്രൈൻ ഊർജ കേന്ദ്രങ്ങൾക്കു നേരെ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു.

താപ, ജലവൈദ്യുത പദ്ധതികൾക്കു നേരെയുള്ള കൂട്ട ആക്രമണത്തിൽ പല മേഖലകളിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഇതിനെ തുടർന്ന് വൈദ്യുതി റെക്കോർഡ് തോതിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. റഷ്യൻ അതിർത്തിയിൽ യുക്രൈന് ആയുധങ്ങൾ ഉപയോഗിക്കാനുള്ള നിരോധത്തിൽ അമേരിക്ക ഇളവ് വരുത്തിയതിന്റെ പിറ്റേന്നാണ് റഷ്യൻ ആക്രമണം. വടക്കുകിഴക്കൻ ഖാർകീവ് സംരക്ഷിക്കാൻ വേണ്ടിയാണ് ഈ ഇളവ് വരുത്തിയത്. റഷ്യയിലെ സൈനിക ലക്ഷ്യങ്ങൾക്കു നേരെ തങ്ങളുടെ ആയുധങ്ങൾ ഉപയോഗിക്കാൻ യുക്രൈനെ അനുവദിക്കുമെന്ന് ഫ്രാൻസും സൂചന നൽകിയിരുന്നു.
Previous Post Next Post