എന്‍ ഐ ടി കരാര്‍ ജീവനക്കാരുടെ സമരം വിജയിച്ചു
കോഴിക്കോട് | എന്‍ ഐ ടിയിലെ സെക്യൂരിറ്റി, സാനിറ്റേഷന്‍ വിഭാഗത്തിലെ 312 കരാര്‍ ജീവനക്കാര്‍ നടത്തിവന്ന സമരം വിജയിച്ചു. 55 വയസ്സു കഴിഞ്ഞ ഇവരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെയായിരുന്നു സമരം.
തൊഴിലാളികള്‍ക്ക് നിലവിലുണ്ടായിരുന്ന 60 വയസ്സ് എന്ന മാനദണ്ഡം നിലനിര്‍ത്തുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കി. പിരിച്ചു വിടാനുള്ള തീരുമാനം റദ്ദാക്കി. തങ്ങളുടെ ആവശ്യം അംഗീകരിച്ചതോടെ കരാര്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതിയും ചര്‍ച്ചയില്‍ മാനേജ്‌മെന്റ് നല്‍കി. പിരിച്ചു വിടുന്നവര്‍ക്കു പകരമായി പുതിയ കരാര്‍ കമ്പനി റിക്രൂട്ട് ചെയ്തവര്‍ ഇന്നു ജോലിക്കെത്തിയത് തൊഴിലാളികള്‍ തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥക്കു ശേഷമാണ് മാനേജ് മെന്റ് വിട്ട് വീഴ്ചയ്ക്കു തയ്യാറായത്.
കോഴിക്കോട് എന്‍ ഐ ടിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെ 55 വയസ് പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടാന്‍ എന്‍ ഐ ടി തീരുമാനിച്ചത്. നേരത്തെ കരാര്‍ ജോലിക്കാരുടെ പ്രായപരിധി 60 ആയിരുന്നെങ്കിലും മുന്നറിയിപ്പമില്ലാതെ പ്രായ പരിധി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതിനെതിരെയാണ് എന്‍ ഐ ടിയുടെ മുന്നില്‍ കരാര്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
പിരിച്ചു വിടുന്നവര്‍ക്ക് പകരം പുതിയ തൊഴിലാളികളെ നിയമിക്കാന്‍ മറ്റൊരു കരാര്‍ കമ്പനിക്കാണ് എന്‍ ഐടി അനുമതി നല്‍കിയത്. പ്രായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഈ കരാര്‍ കമ്പനി പുതുതായി തെരഞ്ഞെടുത്ത തൊഴിലാളികള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് സമരക്കാര്‍ തടഞ്ഞത്.
പിരിച്ചു വിട്ട തൊഴിലാളികള്‍ക്ക് പിന്തുണയുമായി സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നടത്തിയ മാര്‍ച്ചിനിടെപോലീസുമായി സംഘര്‍ഷമുണ്ടായി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവുമായാണ് ഇവര്‍ എന്‍ ഐ ടിയില്‍ എത്തിയത്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സമരം ചെയ്യുന്ന സംയുക്ത സമരസമിതി നിലപാട് സ്വീകരിച്ചതോടെയാണ് മാനേജ്‌മെന്റ് ഇന്ന് ചര്‍ച്ചക്കു തയ്യാറായത്. സമരക്കാരുടെ മുഴുവന്‍ ആവശ്യവും അംഗീകരിച്ചുകൊണ്ടാണ് മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനു വഴങ്ങിയത്. ഇതോടെ സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍ ആഹ്ലാദ പ്രകടനം നടത്തി.