നൂറിലധികം റാലികളും റോഡ് ഷോയും; പട നയിച്ച് പ്രിയങ്ക

നൂറിലധികം റാലികളും റോഡ് ഷോയും; പട നയിച്ച് പ്രിയങ്ക
ഷിംല | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ കോൺഗ്രസ്സിനായി പ്രചാരണ മുഖത്ത് നിറഞ്ഞുനിന്നത് പ്രിയങ്കാ ഗാന്ധി. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക മത്സരിക്കണമെന്ന് മുറിവിളി ഉയർന്നെങ്കിലും വിവിധ മണ്ഡലങ്ങളിലെ കോൺഗ്രസ്സ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുന്നതിലാണ് പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. 108 പൊതുസമ്മേളനങ്ങളും റോഡ് ഷോകളും നൂറിലധികം മാധ്യമ സംവാദങ്ങളും ടെലിവിഷൻ അഭിമുഖങ്ങളുമാണ് കഴിഞ്ഞ 55 ദിവസങ്ങളിലായി പ്രിയങ്ക നടത്തിയത്. അഞ്ച് അച്ചടി മാധ്യമങ്ങൾക്കും അഭിമുഖം നൽകി.

16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും പ്രചാരണം നടത്തിയ പ്രിയങ്ക, നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്കും കോൺഗ്രസ്സിന് നേരെയുള്ള ആക്രമണങ്ങൾക്കും അണുവിട വിടാതെ തിരിച്ചടിച്ചു. മോദിയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിനൊപ്പം വ്യാജപ്രചാരണങ്ങളെ പൊളിച്ചടുക്കുന്ന മറുപടികൾ നൽകിയതും കോൺഗ്രസ്സിനും പ്രതിപക്ഷ സഖ്യത്തിനും വലിയ പ്രതീക്ഷ നൽകുന്നതായി കോൺഗ്രസ്സ് നേതാക്കൾ പ്രതികരിച്ചു. പ്രിയങ്കയുടെ സംസാര ശൈലി, ലാളിത്യം, സൗമ്യത എന്നിവയെല്ലാം പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചുവെന്നാണ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ. ഹിമാചൽ പ്രദേശിലെ സോളനിൽ കൂറ്റൻ റോഡ് ഷോ നടത്തിയാണ് പ്രിയങ്ക തന്റെ പ്രചാരണ പരിപാടികൾ അവസാനിപ്പിച്ചത്. 55 ദിവസത്തെ പ്രചാരണത്തിനിടെ അമേഠിയിലും റായ്ബറേലിയിലും ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത രണ്ട് പൊതുസമ്മേളനങ്ങളെയും പ്രിയങ്ക അഭിസംബോധന ചെയ്തു. ദിവസവും ഒന്നിലധികം റോഡ് ഷോകളാണ് പ്രിയങ്ക നടത്തിയത്. ഏറ്റവും കൂടുതൽ റോഡ് ഷോകൾ നടത്തിയത് അമേഠിയിലും റായ്ബറേലിയിലുമാണ്. ഉത്തർ പ്രദേശിലും ഹിമാചൽ പ്രദേശിലും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രിയങ്ക, കർണാടകയിലും കേരളത്തിലും പ്രചാരണം നടത്തിയിരുന്നു. ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളായ ത്രിപുരയിലെയും അസമിലെയും മണ്ഡലങ്ങൾ, ഝാർഖണ്ഡിലെ ഗോത്രമേഖല, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശിലെ ചമ്പൽ മേഖല എന്നിവിടങ്ങളിലും പ്രിയങ്ക ഓടിയെത്തി.
സഹാറൻപൂർ, ധുബ്രി, ഫത്തേപൂർ സിക്രി, സിർസ, നന്ദുർബാർ, കുളു, വയനാട്, സാഹിറാബാദ്, വാരണാസി എന്നിവിടങ്ങളിൽ പ്രിയങ്ക നടത്തിയ റോഡ്‌ഷോകളിൽ റെക്കോർഡ് ജനക്കൂട്ടമാണ് എത്തിയതെന്ന് കോൺഗ്രസ്സ് അവകാശപ്പെട്ടു.
Previous Post Next Post