നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി ആര്‍ ബിന്ദു

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം| സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന്  ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ കാമ്പസുകളില്‍ ആഘോഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വിദ്യാര്‍ത്ഥികളെ കാമ്പസുകളില്‍ വരവേല്‍ക്കും. മുഖ്യമന്ത്രി തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്യുമെന്നും ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രി ക്ലാസ് എടുക്കുന്നത് ചട്ടലംഘനമെന്ന പരാതിയുമായി രംഗത്ത് വന്ന സേവ് യൂണിവേഴ്‌സിറ്റി ഫോറത്തെ മന്ത്രി വിമര്‍ശിച്ചു. വിവാദം അനാവശ്യമാണ്. താന്‍ ഓറിയന്റേഷന്‍ മാത്രമാണ് നല്‍കുന്നതെന്നും ക്ലാസെടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. നാല് വര്‍ഷ ബിരുദത്തെ പറ്റിയുള്ള അവബോധമാണ് താന്‍ നല്‍കുന്നത്. ഇത് അക്കാദമിക് ക്ലാസല്ല. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏകീകൃത അക്കാദമിക് കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ ക്ലാസ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ കോളജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനാകും. താല്‍പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ക്യാപ്സ്റ്റോണ്‍ പ്രൊജക്റ്റ് ഉള്ള ഓണേഴ്‌സ് ബിരുദം നേടാനും, റിസര്‍ച്ച് താല്‍പര്യം ഉള്ളവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാമിന്റെ ഘടന. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകുകയില്ല.

 

 
Previous Post Next Post