യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
പത്തനംതിട്ട | യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മലയാലപ്പുഴ ഏറം മുണ്ടക്കല്‍ ചെറിയത്ത് മേമുറിയില്‍ വീട്ടില്‍ പ്രസന്നന്‍(56)നെയാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. 2010 സെപ്റ്റംബര്‍ 19ന് മലയാലപ്പുഴ കടുവാക്കുഴിയില്‍ സുരേഷ് കുമാര്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടതി നടപടി.

കേസില്‍ ഒന്നാം പ്രതി മലയാലപ്പുഴ ഏറം മുണ്ടക്കല്‍ മുരുപ്പേല്‍ വീട്ടില്‍ സോമനാഥന്‍ വിചാരണയ്ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം പ്രതിയായ പ്രസന്നന്‍ കൊലപാതകത്തിന് വേണ്ട സഹായം ചെയ്തുകൊടുത്തതായി കണ്ടെത്തി. പ്രേരണക്കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക സുരേഷിന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി നല്‍കണം, പിഴയടച്ചില്ലെങ്കില്‍ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രസന്നന്റെ സഹോദരിയുടെ വസ്തു ഇയാളുടെ എതിര്‍പ്പ് അവഗണിച്ച് സുരേഷ് വാങ്ങുകയും അവിടെ വീടുവയ്ക്കുകയും ചെയ്തതിന്റെ പേരില്‍, സുരേഷിന്റെ അച്ഛന്‍ സുകുമാരനെ ബന്ധുക്കളായ പ്രതികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചു. ഇതുകണ്ട് സുരേഷ് തടസ്സം പിടിച്ചപ്പോള്‍ സോമനാഥന്‍ അരയില്‍ കരുതിയ പിച്ചാത്തി എടുത്ത് കുത്തുകയായിരുന്നു.

പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എ വിദ്യാധരനാണ് പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തിയതും, തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ഹാജരായി. ചെറുപ്പത്തില്‍ വിധവയാകേണ്ടിവന്ന യുവതിയുടെയും അച്ഛനെ നഷ്ടപ്പെട്ട കുഞ്ഞിന്റെയും സ്ഥിതി ബോധ്യപ്പെട്ട കോടതി, ഇരുവര്‍ക്കും 10 വര്‍ഷത്തോളം അനാഥലയത്തില്‍ കഴിയേണ്ടിവന്ന സാഹചര്യം മുഖവിലയ്ക്കെടുക്കുകയും ചെയ്തു. ശിക്ഷ വിധിക്കുന്നതില്‍ ഇക്കാര്യങ്ങള്‍ നിര്‍ണായകമായി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കിലും, ജീവപര്യന്തം തടവ് നീതി നടപ്പാക്കുന്നതില്‍ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി.
Previous Post Next Post