നീറ്റ് പരീക്ഷാ ക്രമക്കേട്: പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം; അനുമതി നിഷേധിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി| നീറ്റ് പരീക്ഷാ ക്രമക്കേട് ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സഭയില്‍ ഉന്നയിച്ചത്. രാജ്യത്തെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. നീറ്റ് ക്രമക്കേടില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ആശങ്കയിലാണെന്നും വിഷയത്തില്‍ ലോക്സഭ ശാന്തമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റിലെ പ്രതിപക്ഷവും ഭരണപക്ഷവും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കേണ്ടതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ല മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധിച്ചു. ലോക്സഭയില്‍ കോണ്‍ഗ്രസ് എംപിമാരായ കെ സി വേണുഗോപാല്‍, മാണിക്കം ടാഗോര്‍ എന്നിവരും രാജ്യസഭയില്‍ എഎപി നേതാവ് സഞ്ജയ് സിങും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.