സ്വദേശിവത്കരണം: ജൂലൈ ഒന്ന് മുതല്‍ പരിശോധന ആരംഭിക്കും

സ്വദേശിവത്കരണം: ജൂലൈ ഒന്ന് മുതല്‍ പരിശോധന ആരംഭിക്കും
ദുബൈ| ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വകാര്യമേഖലാ കമ്പനികള്‍ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടോയെന്ന് വിലയിരുത്താന്‍ ജൂലൈ ഒന്ന് മുതല്‍ പരിശോധന ആരംഭിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ തങ്ങളുടെ ജീവനക്കാരില്‍ ഒരു ശതമാനം അധികം സദേശികളെ നിയമിക്കാത്ത 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കും. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ആദ്യ പകുതിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള അവസാന സമയപരിധി ജൂണ്‍ 30 ആണ് നിശ്ചയിച്ചിരിക്കുന്നത്.

നിയമിക്കാത്ത ഓരോ ഇമാറാത്തിക്കും പ്രതിമാസം 8,000 ദിര്‍ഹം ആണ് പിഴ. കഴിഞ്ഞ വര്‍ഷം ഇത് പ്രതിമാസം 7,000 ദിര്‍ഹമായിരുന്നു. 2022-ല്‍ 6,000 ദിര്‍ഹവുമായിരുന്നു. പിഴ 2026 വരെ ഓരോ വര്‍ഷവും 1,000 ദിര്‍ഹം വര്‍ധിക്കും.

രാജ്യത്തെ സ്വകാര്യ കമ്പനികള്‍ സ്വദേശി ജീവനക്കാരുടെ എണ്ണം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം വര്‍ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ നാല് ശതമാനം എത്തണമായിരുന്നു. ഈ ജൂണ്‍ അവസാനത്തോടെ ഇത് അഞ്ച് ശതമാനമായി ഉയര്‍ത്തണം. 2024 അവസാനിക്കുന്നതിന് മുമ്പ് സ്ഥാപനത്തില്‍ ആറ് ശതമാനം യു എ ഇ പൗരന്മാര്‍ ഉണ്ടായിരിക്കണം.
Previous Post Next Post