അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി
തിരുവനന്തപുരം | അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരണം നടത്തിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് ആരോഗ്യമന്ത്രി വിശദീകരണം തേടിയത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.ഷൂട്ടിങ്ങിന് അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകണം നല്‍കണമെന്നായിരുന്നു കമ്മീഷന്‍ ആവശ്യപ്പെട്ടത്. അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കിയത്.
ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അത്യാഹിത വിഭാഗത്തിലെ പരിമിതമായ സ്ഥലത്ത് അഭിനേതാക്കള്‍ ഉള്‍പെടെ 50 ഓളം പേര്‍ ഉണ്ടായിരുന്നു.