ജവാന്റെ മൃതദേഹത്തോട് അനാദരവ്; എ എ റഹീം എം പി പ്രതിരോധമന്ത്രിയോട് നടപടി ആവശ്യപ്പെട്ടു

ജവാന്റെ മൃതദേഹത്തോട് അനാദരവ്; എ എ റഹീം എം പി പ്രതിരോധമന്ത്രിയോട് നടപടി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി | സര്‍വീസിലിരിക്കെ മരണപ്പെട്ട ബി എസ് എഫ് ജവാന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ എ റഹീം എം പി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു.

ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഡി സാമുവേല്‍ ജൂണ്‍ 24ന് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി കുടുംബത്തിനു വിവരം ലഭിച്ചിരുന്നു. ജൂണ്‍ 26 ന് രാവിലെ 8.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് മൃതദേഹം കൈമാറാമെന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു. മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടിയില്‍ നിന്ന് ദ്രാവക ചോര്‍ച്ചയുണ്ടായതിനാല്‍ മൃതദേഹം ജീര്‍ണിച്ച് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

ഈ സംഭവം മൃതദേഹത്തോടും കുടുംബത്തോടും കാണിക്കുന്ന അനാദരവാണ്. സര്‍വീസിലിരുന്ന ധീര ജവാന്റെ മരണശേഷം അദ്ദേഹത്തോട് തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും എ എ റഹീം എം പി കത്തിലൂടെ മന്ത്രിയോട് ആവശ്യപ്പെട്ടു.
Previous Post Next Post