പുതിയ ക്രമിനല്‍ നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ ; സജ്ജമെന്ന് പോലീസ്
തൃശൂര്‍ | ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കുന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ പോലീസ് പൂര്‍ണ സജ്ജമെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. ഇതുവരെ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ പീനല്‍കോഡ്, ക്രിമിനല്‍ നടപടിക്രമം, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയുടെ സ്ഥാനത്ത് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ് നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് നടപ്പിലാക്കുന്നത്. നിയമം നടപ്പിൽ വരുന്ന 2024 ജൂലായ് ഒന്ന് മുതൽ എല്ലാ പോലീസ് സ്റ്റേഷനിലും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തുടര്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ അനുസരിച്ചായിരിക്കും.
തൃശൂര്‍ സിറ്റി പോലീസ് ജില്ലയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥര്‍ക്കും പുതിയ നിയമങ്ങള്‍ പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതും കേസന്വേഷണം നടത്തുന്നതും സംബന്ധിച്ച് പഠന ക്ലാസ്സുകള്‍ നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ് ഐ ആര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് പോലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പില്‍ വരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ സിറ്റി പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും, ജനമൈത്രി പ്രവര്‍ത്തകരും പങ്കെടുക്കുന്ന വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കും. ജൂലൈ ഒന്നിന് രാവിലെ 10 ന് നടക്കുന്ന ചടങ്ങുകള്‍ക്ക് അതാത് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും, അസിസ്റ്റന്റ് കമ്മീഷണര്‍മാരും നേതൃത്വം നല്‍കും.