ഗോഡ്സെയെ പ്രകീർത്തിച്ച ഡോ. ഷൈജ ആണ്ടവൻ എൻ ഐ ടി അധ്യാപകർക്കെതിരായ ആഭ്യന്തര പരാതികൾ അന്വേഷിക്കുന്ന കമ്മിറ്റി അധ്യക്ഷ

ഗോഡ്സെയെ പ്രകീർത്തിച്ച ഡോ. ഷൈജ ആണ്ടവൻ എൻ ഐ ടി അധ്യാപകർക്കെതിരായ ആഭ്യന്തര പരാതികൾ അന്വേഷിക്കുന്ന കമ്മിറ്റി അധ്യക്ഷ
കോഴിക്കോട് | എൻ ഐ ടിയിൽ അധ്യാപകർക്കെതിരെയുള്ള ആഭ്യന്തര പരാതികൾ അന്വേഷിക്കുന്ന കമ്മിറ്റിയുടെ ചെയർപേഴ്‌സനായി ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട ഡോ. ഷൈജ ആണ്ടവനെ നിയമിച്ചു. ഡോ. സുനിത എം എസ്, പ്രൊഫ. രജനീകാന്ത് ജി കെ എന്നിവരാണ് മറ്റ് അംഗങ്ങൾ. മഹാത്മ ഗാന്ധിയെ കൊന്ന നാഥൂറാം ഗോഡ്സയെ എഫ് ബി പോസ്റ്റിലൂടെ പ്രകീർത്തിച്ച് വിവാദത്തിലായ ഷൈജ ആണ്ടവനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു. ഈ അധ്യാപികയെ കമ്മിറ്റിയിൽ നിയമിച്ചത് വിവാദമായിരിക്കുകയാണ്.

ഡയറക്ടർക്കും രജിസ്ട്രാർക്കും അനുകൂലമായതും അധ്യാപകർക്ക് എതിരായതുമായ റിപോർട്ട് സമ്പാദിക്കുന്നതിന് വേണ്ടിയാണ് വിവാദ അധ്യാപികയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നാണ് ആക്ഷേപം. കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഡോ. ഷൈജ ആണ്ടവൻ പിന്നീട് കോടതിയിൽ കീഴടങ്ങുകയും ജാമ്യമെടുക്കുകയും ചെയ്തിരുന്നു. ഇവർക്ക് സർവീസിൽ സ്ഥാനക്കയറ്റം ഉൾപ്പെടെ നൽകുന്നതിന്റെ ഭാഗമായിട്ടാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നാണ് വിമർശം. ഇവർക്കെതിരെ എൻ ഐ ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഡോ. ഷൈജയുടെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

വിവിധ സംഘടനകൾ എൻ ഐ ടിയിലേക്ക് മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു. എസ് എഫ്‌ ഐ കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ പരാതിയിൽ ഐ പി സി 153 വകുപ്പനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ വിവാദമായ കമന്റ് ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധം നിലനിൽക്കെയാണ് ഇവർക്ക് സർവീസിൽ ഭാവിയിൽ ഗുണകരമാകുന്ന രീതിയിൽ പുതിയ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്.
Previous Post Next Post