എസ് എസ് എഫ് ദേശീയ കൗണ്‍സില്‍ സമാപിച്ചു

എസ് എസ് എഫ് ദേശീയ കൗണ്‍സില്‍ സമാപിച്ചു
ഊട്ടി | രണ്ടുദിവസങ്ങളിലായി തമിഴ്‌നാട്ടിലെ ഊട്ടിയില്‍ നടന്ന എസ് എസ് എഫ് ദേശീയ കൗണ്‍സിലിന് സമാപനമായി. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 170 കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത പരിപാടി മര്‍ക്കസ് ചാന്‍സിലറും പ്രമുഖ പണ്ഡിതനുമായ ഡോക്ടര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ വിദ്യാര്‍ഥികളുടെ പ്രതീക്ഷയാണ് എസ് എസ് എഫ് എന്ന് അദ്ദേഹം പറഞ്ഞു. ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിനു ശേഷമുള്ള എസ് എസ് എഫിന്റെ ആദ്യ ദേശീയ കൗണ്‍സിലില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വെള്ളിയാഴ്ച ഉച്ചയോടെ ഊട്ടിയിലെത്തി. രണ്ടു ദിവസം നീണ്ടു നിന്ന ദേശീയ കൗണ്‍സിലില്‍ വിവിധ പരിശീലനങ്ങള്‍ നടന്നു. രാജ്യത്തെ സുപ്രധാനമായ രണ്ട് വിഷയങ്ങളില്‍ പ്രമേയം പാസാക്കിയാണ് കൗണ്‍സില്‍ പിരിഞ്ഞത്.

മണിപ്പൂരില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥകള്‍ക്ക് പരിഹാരമായി നിത്യമായ സമാധാനത്തിനുള്ള വഴികള്‍ കാണണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഒന്നാമത്തെ പ്രമേയം. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെയായിരുന്നു രണ്ടാമത്തെ പ്രമേയം. വിവിധ സെഷനുകളില്‍ ഡോ. ഫാറൂഖ് നഈമി കേരള, ഹാഫിസ് വസീം ഗോവ, ദില്‍ഷാദ് അഹമ്മദ് കശ്മീര്‍, മുഹമ്മദ് പറവൂര്‍, അഹമ്മദ് ഷെറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Previous Post Next Post