കണ്ണൂർ ഹജ്ജ് ക്യാമ്പിന് പ്രൗഢ തുടക്കം

കണ്ണൂർ ഹജ്ജ് ക്യാമ്പിന് പ്രൗഢ തുടക്കം
മട്ടന്നൂർ | പരിശുദ്ധ ഹജ്ജ് കർമത്തിനായി മനസ്സ് കഴുകി യാത്രയാവുന്ന തീർഥാടകർക്ക് മുഴു സജ്ജീകരണങ്ങളോടെ ഒരുക്കപ്പെട്ട കണ്ണൂർ ഹജ്ജ് ക്യാമ്പിന് പ്രൗഢമായ തുടക്കം. കണ്ണൂർ വിമാനത്താവളത്തിന്റെ എയർ കാർഗോ കോംപ്ലക്സിൽ സജ്ജമാക്കിയ ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് വഖ്ഫ് കാര്യമന്ത്രി വി അബ്ദുർറഹ്്മാൻ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

കണ്ണൂർ എമ്പാർക്കേഷൻ പോയിന്റായതിന്റെ രണ്ടാം വർഷം കൂടുതൽ ഹാജിമാരെ വരവേൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ പുണ്യഭൂമിയിലേക്ക് യാത്രയാവാൻ ഇന്നലെ രാവിലെ പത്തോടെ ഹാജിമാർ എത്തിയിരുന്നു. ആദ്യമെത്തിയ കണ്ണൂർ സിറ്റി സ്വദേശി മുസ്തഫയുടെ ഹെൽത്ത് രേഖയും ലഗ്ഗേജും സ്വീകരിച്ചുകൊണ്ട് വിമാനത്താവളം എം ഡി. സി ദിനേശ് കുമാർ തീർഥാടകരെ ഔദ്യാഗികമായി സ്വീകരിച്ചു.

ക്യാമ്പ് കവാടത്തിൽ തക്ബീർ ധ്വനികളോടെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഖാദിമുതൽ ഹജ്ജാജിമാരും സംഘാടകസമിതി ഭാരവാഹികളും സ്വീകരിച്ചു. ക്യാമ്പിൽ ജുമുഅ നിസ്‌കാരത്തിന് ജുനൈദ് സഅദി കടവത്തൂർ നേതൃത്വം നൽകി.

ഇന്ന് പുലർച്ചെ 5.55നുള്ള സഊദി എയർലൈൻസ് വിമാനത്തിൽ പുറപ്പെടുന്ന കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം 8.50ന് ജിദ്ദയിലെത്തും. ആദ്യ വിമാനത്തിൽ 361 ഹജ്ജാജിമാരാണ് യാത്ര ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് 3,164 പേരാണ് പരിശുദ്ധ ഹജ്ജിന് പോകുന്നത്. ഇതിൽ 1,265 പുരുഷന്മാരും 1,899 സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാർ കണ്ണൂർ വഴി പോകുന്നുണ്ട്. ഇതിൽ 37 പേർ കർണാടകയിൽ നിന്നും 14 പേർ പോണ്ടിച്ചേരിയിലെ മാഹി മേഖലയിൽ നിന്നും മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്.
Previous Post Next Post