പത്താം ക്ലാസ് പാസാകുന്നവര്‍ക്ക് അക്ഷരാഭ്യാസം ഇല്ലെന്ന സജിചെറിയാന്റെ പ്രസ്ഥാവന വസ്ഥുതാവിരുദ്ധമെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം | പത്താം ക്ലാസ് പാസായ പല വിദ്യാര്‍ഥികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്ഥാവന തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ് പാസാകുന്നവര്‍ക്ക് അക്ഷരാഭ്യാസം ഇല്ലെന്ന നിരീക്ഷണം വസ്തുതാ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വിവാദം ഉണ്ടാക്കാനാണ് ശ്രമമെന്നും ശിവന്‍കുട്ടി പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം ഇനിയും മെച്ചപ്പെടുത്തണം എന്നത് പൊതുസമൂഹം ഉള്‍ക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതല്‍ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്സിഇ ആര്‍ടി അടക്കമുള്ള വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കി വരുന്നു.
രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി,പ്രൈമറി,അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും ശിവന്‍കുട്ടി പറഞ്ഞു. അക്കാദമിക മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ് എസ് എല്‍ സി പാസ്സായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ മന്ത്രി സജിചെറിയാന്‍ പറഞ്ഞത്. മുമ്പൊക്കെ എസ് എസ് എല്‍ സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാവരും ജയിക്കുമെന്നതാണ് സ്ഥിതി. ഇനി ആരെങ്കിലും തോറ്റാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.