ചാവക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ നാല് നില കെട്ടിടം വരുന്നു;ടെണ്ടര്‍ നടപടികളായി

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ നാല് നില കെട്ടിടം വരുന്നു;ടെണ്ടര്‍ നടപടികളായി

ചാവക്കാട്:താലൂക്ക് ആശുപത്രിക്ക് പുതിയ നാല് നില കെട്ടിടത്തിന് ടെണ്ടര്‍ നടപടികളായി.ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്നു. മണ്ഡലത്തിലെ റോഡുകൾ,പാലങ്ങൾ, കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍,വാട്ടര്‍ അതോറിറ്റി പദ്ധതികള്‍,ഹാർബർ പ്രവര്‍ത്തികള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. ചേറ്റുവയില്‍ 3 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന രാമുകാര്യാട്ട് സ്മാരക നിര്‍മ്മാണത്തിന്‍റെ ആദ്യ ടെണ്ടറില്‍ ആരും പങ്കെടുക്കാത്ത സാഹചര്യത്തില്‍ റീടെണ്ടര്‍ ചെയ്തതായി പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി. എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഇരട്ടപ്പുഴ സ്ക്കൂള്‍,പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് സ്ക്കൂള്‍, പുന്നയൂര്‍ ജി.എല്‍.പി സ്ക്കൂള്‍ എന്നിവയുടെ നിര്‍മ്മാണം സമയബന്ധിതമായി നടന്നുവരുന്നതായും എഞ്ചിനീയര്‍ യോഗത്തെ അറിയിക്കുകയുണ്ടായി.ഈ വര്‍ഷത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഇരട്ടപ്പുഴ സ്ക്കൂളിന്‍റെ ഒന്നാംനിലക്കുള്ള ഭരണാനുമതി ആയതായും ഉടന്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കെട്ടിടവിഭാഗം അസി.എഞ്ചിനീയര്‍ യോഗത്തെ അറിയിക്കുകയുണ്ടായി. 1 കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച. ജി.എല്‍.പി.എസ് കുരഞ്ഞിയൂരിന് പുതിയ കെട്ടിടം,ബജറ്റില്‍ 1 കോടി രൂപ വകയിരുത്തി. ജി.യു.പി.എസ് പുന്നയൂരിന് പുതിയ കെട്ടിടം, 2 കോടി വകയിരുത്തിയ ജി.യു.പി.എസ് അണ്ടത്തോട് പുതിയ കെട്ടിടം എന്നിവയുടെ ഭരണ – സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ കെട്ടിടവിഭാഗം അസി.എക്സി.എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ ഗുരുവായൂര്‍ കെ.എസ്.ആര്‍ടി.സി ഡിപ്പോ, ഗവ.യുപി സ്ക്കൂള്‍ ഗുരുവായൂര്‍, ഗുരുവായൂര്‍ ആയുര്‍വ്വേദാശുപത്രി എന്നിവയുടെ കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് പുതിയ നാല് നില കെട്ടിടത്തിന്‍റെ റീ ടെണ്ടര്‍ ക്ഷണിച്ചതായി പൊതുമരാമത്ത് സ്പെഷല്‍ ബില്‍ഡിംഗ് അസി. എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.ചാവക്കാട് കോടതി സമുച്ചയത്തിന്‍റെ കെട്ടിട നിര്‍മ്മാണം ത്വരിത ഗതിയില്‍ നടക്കുന്നതായും 4 നിലകളുടെ സ്ട്രക്ച്ചര്‍ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണെന്നും സ്പെഷല്‍ ബില്‍ഡിംഗ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ നടന്നുവരുന്നതായും ആയത് പൂര്‍ത്തീകരിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും പാലം വിഭാഗം അസി.എഞ്ചിനീയര്‍ എം.എല്‍.എ യെ അറിയിച്ചു. ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് നോട്ടിഫിക്കേഷന്‍ ആയെന്നും നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുത്ത് പാലം നിര്‍മ്മാണം ആരംഭിക്കുമെന്ന് നിര്‍വ്വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് യോഗത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ആദ്യവാരത്തില്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നതിന് തീരുമാനമായി. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുമായി ബന്ധപ്പെട്ടുള്ള റോഡ് നിര്‍മ്മാണത്തില്‍ വലിയ കാലതാമസം വരുന്നതില്‍ എം.എല്‍.എ അതൃപ്തി രേഖപ്പെടുത്തി. അണ്ടത്തോട് റോഡ്, കെട്ടുങ്ങല്‍ തങ്ങള്‍പ്പടി റോഡ്, പൊക്കുളങ്ങര വെസ്റ്റ് റോഡ് എന്നിവയുടെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി.എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. 5 കോടി രൂപ ചെലവില്‍ നടത്തുന്ന ചേറ്റുവ കായലിലെ ഡ്രെഡ്ജിംഗ് പ്രവര്‍ത്തിക്ക് കരാര്‍ ആയിട്ടുള്ളതായി ഹാര്‍ബര്‍ അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. അടിയന്തിരമായി പ്രസ്തുത പ്രവര്‍ത്തി നടപ്പിലാക്കണമെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. വാട്ടര്‍ അതോറിറ്റി പൈപ്പ് ലീക്കിന്‍റെ ഫലമായി മമ്മിയൂര്‍ എല്‍.എഫ് സ്ക്കൂളിന് മുന്‍വശം ഉണ്ടായ കുഴികള്‍ അടക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി വീഴ്ച വരുത്തിയത് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എം.എല്‍.എ യോഗത്തെ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ മൂലം ഉണ്ടായ റോഡിലെ അപടകരമായ കുഴികള്‍ 48 മണിക്കൂറിനകം ടൈല്‍ ചെയ്ത് അടക്കുന്നതിനും ആയതിന് ചെലവായ തുക വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഈടാക്കുന്നതിനും പൊതുമരാമത്ത് റോഡ് വിഭാഗത്തിന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ നഗരത്തില്‍ 80 സിവറേജ് കണക്ഷനുകള്‍ നല്‍കിയതായും ബാക്കിയുള്ള ലോഡ്ജുകള്‍,റെസ്റ്റോറന്‍റുകള്‍ എന്നിവക്ക് കണക്ഷന്‍ നല്‍കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായും വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. സിവറേജ് മാലിന്യങ്ങള്‍ പുറംതള്ളുന്ന എല്ലാ സ്ഥാപനങ്ങളും കണക്ഷന്‍ എടുക്കുന്നുവെന്ന് വാട്ടര്‍ അതോറിറ്റിയും നഗരസഭയും ഉറപ്പുവരുത്തണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എം.എല്‍.എ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചാവക്കാട് – വടക്കാഞ്ചേരി റോഡ് വീതികൂട്ടുന്നതിന്‍റെ ഭാഗമായി ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള സര്‍വ്വേ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ പി.ഡബ്ലിയു.ഡി റോഡ്സ് എക്സി.എഞ്ചിനീയറോട് എം.എല്‍.എ ആവശ്യപ്പെട്ടു.
ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചിനീയർ എസ് ഹരീഷ്, റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ റംലത്ത്, പൊതുമരാമത്ത് അസി.എഞ്ചിനീയര്‍മാരായ ശാലിനി എം.ആര്‍, മഞ്ജുഷ വി ,സജിത്ത് മോഹന്‍ദാസ്, ദിവ്യ ആനന്ദന്‍, സംഗീത സി.വി വാട്ടര്‍ അതോറിറ്റി അസി.എക്സി.എഞ്ചിനീയര്‍മാരായ നീലിമ എച്ച്.ജെ, മിനി ടി.എസ്, വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍മാരായ ഷീന പി.കെ,സന്ധ്യ കെ.പി വിവിധ വകുപ്പുകളിലെ എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post