കോഴിക്കോട് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്|കോഴിക്കോട് എലത്തൂരില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ലോറി തട്ടി യുവതി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. പൊയില്‍കാവ് സ്വദേശി ഷില്‍ജയാണ് അപകടത്തില്‍ മരിച്ചത്. സിസിടിവി ദൃശൃങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം താനൂര്‍ സ്വദേശി കോയയാണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടന്നു പോകുന്ന ലോറിയുടെ ചിത്രമാണ് സിസിടിവി കാമറയില്‍ പതിഞ്ഞത്. തെറ്റായ ദിശയിലൂടെയാണ് ലോറി സഞ്ചരിച്ചതെന്നും ചിത്രങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ അപകടം ഉണ്ടായത് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവ സ്ഥലത്തേക്ക് ആംബുലന്‍സും പോലീസും എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.
Previous Post Next Post