കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനം, അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവര്‍; അതിരൂക്ഷ വിമര്‍ശവുമായി സിപിഐ
തിരുവനന്തപുരം | കണ്ണൂരിലെ സിപിഎമ്മിനുള്ളില്‍ പുകയുന്ന വിഷയങ്ങളില്‍ അതിരൂക്ഷ വിമര്‍ശവുമയി സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വര്‍ണം പൊട്ടിക്കലിന്റെയും കഥകള്‍ വേദനിപ്പിക്കുന്നതാണെന്നും ബിനോയ് വിശ്വം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ രക്ഷകവേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്നും പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇത്തരക്കാരില്‍ നിന്ന് ബോധപൂര്‍വം അകല്‍ച്ചപാലിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ബിനോയ് വിശ്വം പ്രസ്താവനയില്‍ പറയുന്നു. ഇടതുപക്ഷം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളോട് നീതി കാണിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. ചീത്ത പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും അവര്‍ക്ക് മാപ്പില്ലെന്നും ബിനോയ് വിശ്വം വാര്‍ത്താക്കുറിപ്പില്‍ തുടര്‍ന്ന് പറയുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ എന്നും മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂരില്‍ പാര്‍ട്ടി വിട്ട മുന്‍ ജില്ലാ കമ്മറ്റി അംഗം മനു തോമസ് പി ജയരാജനെതിരെയും സിപിഎമ്മിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഉന്നയിച്ചത്. ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നായിരുന്നു മനു തോമസ് ആരോപിച്ചത്. അര്‍ജുന്‍ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു.