കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ച സംഭവം; കേസെടുത്ത് ചേവായൂര്‍ പോലീസ്

കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ച സംഭവം; കേസെടുത്ത് ചേവായൂര്‍ പോലീസ്
കോഴിക്കോട്|കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍പള്ളിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്തു. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. സംഭവസ്ഥലത്ത് ചേവായൂര്‍ പോലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.

വിദഗ്ധരെ എത്തിച്ച് ശാസ്ത്രീയപരിശോധനയും നടത്തും. വീഴ്ചയുണ്ടെങ്കില്‍ കേസില്‍ കൂടുതല്‍ വകുപ്പുകളും ചേര്‍ക്കും. കെട്ടിടം ഉടമയുടെയും ഹോട്ടല്‍ ഉടമയുടെയും മൊഴിയും ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.

കിനാലൂര്‍ സ്വദേശി അശോകന്‍, കൂരാച്ചുണ്ട് സ്വദേശി റിനീഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഓക്‌സിജന്‍ മാസ്‌ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കില്‍ നിന്നും ഇവരെ പുറത്തെടുത്തത്. തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ അന്വേഷണം നടത്തും. മാലിന്യം നീക്കം ചെയ്യുന്നതടക്കം നടപടികള്‍ കോര്‍പ്പറേഷനേ അറിയിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ പറഞ്ഞു.

അതേസമയം അപകടത്തില്‍ മരിച്ച റിനീഷിന്റെയും അശോകന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മെഡിക്കല്‍ കോളജില്‍ നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ.
Previous Post Next Post