മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ബംഗളൂരു കോടതി

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ബംഗളൂരു കോടതി
ബംഗളൂരു | മാനനഷ്ടക്കേസില്‍ ജൂണ്‍ ഏഴിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി. ബി.ജെ.പി കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.എല്‍എയുമായ കേശവ് പ്രസാദ് ആണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ബി.ജെ.പി നേതാക്കള്‍ 40 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെയും കേശവ് പ്രസാദ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഇരു നേതാക്കളും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി ജാമ്യം നേടി.

ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായ പരസ്യം നല്‍കിയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. രണ്ടാം തവണയും ഹാജരാകാതിരുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ഇളവ് നല്‍കരുതെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അതേസമയം ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കെടുക്കേണ്ടിയിരുന്നെന്നും അദ്ദേഹം ലോക്‌സഭയില്‍ മത്സരിക്കുന്നതായും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Previous Post Next Post