സംസ്ഥാന പാതയോരത്തെ ചതിക്കുഴി ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് കമ്പി കയറ്റി വന്ന ലോറി താഴ്ന്നു
ചങ്ങരംകുളം:ജലജീവന്‍ പദ്ധതിക്കായി കുഴിയെടുത്ത സംസ്ഥാന പാതയോരത്ത് വാഹനങ്ങള്‍ താഴുന്നത് പതിവാകുന്നു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയോരത്ത് കാളാച്ചാല്‍ മുതല്‍ വളയംകുളം വരെയുള്ള ഭാഗങ്ങളിലാണ് ദുരിതം തുടരുന്നത്.ശനിയാഴ്ച പുലര്‍ച്ചെയാണ് പാലക്കാട് നിന്ന് കമ്പി കയറ്റിവന്ന ലോറി ചിയ്യാനൂര്‍ പാടത്ത് താഴ്ന്നത്.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ക്രെയിന്‍ എത്തിച്ചാണ് ലോറി കുഴിയില്‍ നിന്ന് കയറ്റിയത്.ജലജീവന്‍ പദ്ധതിക്കായി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് ജല അതോറിറ്റി റോഡ് കീറിയത്.പൈപ്പ് സ്ഥാപിച്ച ശേഷം പൊളിച്ച ഭാഗങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടുകയായിരുന്നു.മഴ കനത്തതോടെ പാതയോരങ്ങള്‍ മുഴുവന്‍ വലിയ ചതിക്കുഴികള്‍ രൂപപ്പെടുകയായിരുന്നു.തിരക്കേറിയ പാതയില്‍ റോഡിലെ ചതിക്കുഴി തിരിച്ചറിയാന്‍ കഴിയാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന ചരക്ക് ലോറികളും ദീര്‍ഘദൂര വാഹനങ്ങളുളുമാണ് കെണിയില്‍ പെടുന്നത്.വാഹനങ്ങള്‍ റോഡരികില്‍ ഒതുക്കാന്‍ ശ്രമിക്കുകയോ തിരിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ വാഹനങ്ങള്‍ താഴുന്നത് പതിവ് കാഴ്ചയാണ്.ഒരുമാസത്തിനിടെ 30 ഓളം വാഹനങ്ങളാണ് ഇവിടെ ചതിക്കുഴിയില്‍ വീണത്.പലപ്പോഴും ജെസിബികളും ക്രെയിനുകളും എത്തിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് വാഹനങ്ങള്‍ കയറ്റി കൊടുക്കുന്നത്.ഇത് ലോറി തൊഴിലാളികള്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നത്.പദ്ധതിയുടെ ഭാഗമായി ബാക്കി വന്ന മണ്ണ് മുഴുവന്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്നു.പലയിടത്തും മണ്ണ് റോഡിലേക്ക് ഒഴുകി റോഡില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്.വെള്ളം പോകുന്ന പാതയോരത്തെ ട്രൈനേജുകളും മണ്ണ് മൂടി അടഞ്ഞ് കിടക്കുന്ന അവസ്ഥയിലായിട്ടുണ്ട്.മഴ കനത്തതോടെ മണ്ണ് ഇളകി കിടക്കുന്നത് വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും മാസങ്ങളായി തുടരുന്ന ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്